17
Jun 2023
Tue
17 Jun 2023 Tue

ലോകത്താദ്യമായി ഉമിനീര്‍ ഗര്‍ഭ പരിശോധനയുമായി ബ്രിട്ടന്‍. സാലിസ്റ്റിക് എന്നാണ് ഈ ഉല്‍പ്പന്നത്തിന്റെ പേര്. മൂത്ര പരിശോധനയിലൂടെ ഗര്‍ഭം സ്ഥിരീകരിക്കുന്ന പതിവ് രീതികള്‍ക്ക് പകരമാണ് ഉമിനീര്‍ പരിശോധനാ രീതി കണ്ടുപിടിച്ചിരിക്കുന്നത്. ജറുസലേം ആസ്ഥാനമായ സാലിഗ്നോസ്റ്റിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇത്തരമൊരു പരിശോധനാ കിറ്റ് വികസിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതിനും ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.
എവിടെയും ഈ ഉല്‍പന്നം ഉപയോഗിച്ചുള്ള പരിശോധന നടത്താമെന്നും കൂടുതല്‍ ആളുകള്‍ക്ക് ഈ കിറ്റ് ഉപയോഗിക്കാമെന്നും കമ്പനി പറയുന്നു.

തെര്‍മോമീറ്റര്‍ പോലെയുള്ള പരിശോധനാ കിറ്റിലെ സ്റ്റിക് ഏതാനും സമയം വായില്‍ വച്ചാണ് ഉമിനീര്‍ ശേഖരിക്കുന്നത്. ഈ സ്റ്റിക് ഒരു പ്ലാസ്റ്റിക് ട്യൂബിലേക്ക് കടത്തിവയ്ക്കണം. ഇതിന്റെ ഫലം ട്യൂബില്‍ തെളിയുമെന്നും കമ്പനി വ്യക്തമാക്കി. 5 മുതല്‍ 15 മിനിറ്റ് കൊണ്ട് പരിശോധന ഫലം തെളിയും. 3 മിനിറ്റിനുള്ളില്‍ പ്രാഥമിക സൂചനകള്‍ വ്യക്തമാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

സാലിസ്റ്റിക് വിപണിയിലിറക്കുന്നതിനുള്ള അനുമതി കഴിഞ്ഞവര്‍ഷം യൂറോപ്യന്‍ യൂനിയനില്‍ നിന്ന് കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ ബ്രിട്ടനിലും അര്‍ലന്റിലുമാണ് സാലിസ്റ്റിക് വിപണിയിലുള്ളത്. യുഎസ് വിപണിയില്‍ ഇറക്കുന്നതിനായി എഫ്ഡിഎ അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികളും അല്ലാത്തതുമായ 300 ഇസ്രായേലി യുവതികളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയ ശേഷമാണ് സാലിഗ്നോസ്റ്റിക്‌സ് കമ്പനി ഉല്‍പ്പന്നം അവതരിപ്പിച്ചത്.