കൊച്ചി: ‘ഇന്ത്യൻ ഒസിൽ’ എന്ന് ആരാധകർ സ്നേഹത്തോടെ വിശേഷിപ്പിക്കുന്ന സഹൽ അബ്ദുസ്സമദ്, കേരളാ ബ്ലാസ്റ്റേഴ്സിലെയും ഇന്ത്യൻ മധ്യനിരയിലെയും പ്രധാന താരമാണ്. ഡ്രിബ്ലിങ്, പാസ്സിങ് മികവ്, പ്ലെമേക്കിങ് എബിലിറ്റി, ഗതി മനസ്സിലാക്കി കളി മെനയാനുള്ള ശേഷി എന്നീ കഴിവുകൾ ഉള്ളതിനാൽ നിലവിലെ ഇന്ത്യൻ താരങ്ങളിൽ മികച്ച കളിക്കാരിൽ ഒരാളായാണ് സഹൽ പരിഗണിക്കപ്പെടുന്നത്. സുനിൽ ഛെത്രിക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും പ്രധാന താരമാവുമെന്ന് മുൻ നായകൻ ബൈച്യുങ് ബൂട്ടിയ ഉൾപ്പെടെയുള്ളവർ വിശേഷിപ്പിച്ച താരമാണ് സഹൽ.
|
എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നതാണ് ദിവസങ്ങളായി ട്രാൻസ്ഫർ മേഖലയിൽനിന്ന് വരുന്ന വാർത്തകൾ. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താരം ക്ലബ്ബ് വിട്ടേക്കുമെന്നാണ് അഭ്യൂഹം. താരത്തിനായി പ്രധാന ഐഎസ്എൽ ക്ലബ്ബുകൾ വല വിരിച്ചതിനാലണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബിലെ താരത്തെ ടീമിലെത്തിച്ചാൽ അതുവഴി കൂടുതൽ ആരാധക പിന്തുണ ലഭിക്കുമെന്നതും സഹലിനായി വല വിരിക്കാൻ മാനേജ്മെന്റുകളെ പ്രേരിപ്പിക്കുന്നു.
2025 വരെയാണ് സഹലിന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. എന്നാൽ കഴിഞ്ഞ സീസൺ അവസാനിച്ചത് മുതൽ താരം ക്ലബ്ബ് വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്. ഈ മാസം നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ചവച്ച സഹലിനെ നോട്ടമിട്ട് ചുരുങ്ങിയത് നാല് ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തുള്ളതായി പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് മാർക്കസ് മെർഗുലാവോയും റിപ്പോർട്ട് ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സഹലിനെ വിൽക്കാൻ തയ്യാറായാൽ പണം വാരിയെറിഞ്ഞ് അദ്ദേഹത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ വരിനിൽക്കുകയാണെന്നാണ് പറയുന്നത്. സഹലിനായി രംഗത്തുള്ള പ്രധാന ക്ലബ്ബുകൾ ഇവയാണ്.
മുംബൈ എഫ്സി
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും സമ്പന്ന ക്ലബ്ബുകളിലൊന്നാണ് മുംബൈ സിറ്റി എഫ് സി. മാഞ്ചസ്റ്റർ സിറ്റി ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ്ബിന് പണം വാരിയെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കുന്നത് ശീലവുമാണ്. ബ്ലാസ്റ്റേഴ്സുമായി രണ്ട് വർഷത്തെ കരാർ കൂടി സഹലിന് ബാക്കിയുണ്ട്. അത് കൊണ്ടു തന്നെ താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ക്ലബ്ബിന് വൻ തുക ട്രാൻസ്ഫർ ഫീ ഇനത്തിൽ ബ്ലാസ്റ്റേഴ്സിന് നൽകേണ്ടി വരും. സഹലിന്റെ കാര്യത്തിൽ ഇത് പല ക്ലബ്ബുകൾക്കും താങ്ങാനാവുന്നതിലും അപ്പുറത്താകും. എന്നാൽ മുംബൈ സിറ്റിക്ക് ഈ പ്രശനമുണ്ടാകില്ല. മാത്രമല്ല സഹലിനെ എത്തിക്കുന്നതോടെ അവരുടെ മധ്യനിര ഐഎസ്എല്ലിലെ തന്നെ എറ്റവും കരുത്തുറ്റതാവുകയും ചെയ്യും.
ബംഗളൂരു എഫ്സി
ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളാണ് ബംഗളൂരു എഫ്സിക്കും സഹലിൽ കണ്ണുണ്ട്. സഹലിന്റെ കളി ശൈലിക്ക് ഏറ്റവുമധികം യോജിക്കുന്ന ക്ലബ്ബും ബംഗളൂരുവാണ്. കഴിഞ്ഞ സീസണിൽ ഹാവി ഹെർണാണ്ടസായിരുന്നു ബംഗളൂരുവിന്റെ മധ്യനിരയിലെ എഞ്ചിൻ. ഹാവിക്കൊപ്പം സഹലിനെക്കൂടി എത്തിക്കാനായാൽ ബംഗളൂരുവിന്റെ ലെവൽ മാറും. സഹൽ വരുന്നതോടെ രണ്ട് വിദേശ താരങ്ങളെ മുന്നേറ്റനിരയിൽ കളിപ്പിക്കാനുള്ള അവസരവും അവർക്ക് ഒരുങ്ങും.
ഒഡീഷ എഫ് സി
നിലവിലെ ഹീറോ സൂപ്പർ കപ്പിൽ കിരീടം ചൂടിയ ഒഡീഷ എഫ്സിയും സഹലിനെ കിട്ടിയേ തീരൂവെന്ന തീരുമാനത്തിലാണ്. ഐഎസ് എല്ലിലെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളായ സെർജിയോ ലൊബേറയെ ക്ലബ്ബ് സ്വന്തമാക്കിയത് അതിന്റെ സൂചനയാണ്. അറ്റാക്കിങ് മിഡ്ഫീൽഡർമാരുടെ കാര്യത്തിൽ ഒഡീഷ അല്പം പിന്നിലുള്ളതും സഹലിൽ കണ്ണ് വക്കാൻ ഒരു കാരണമാണ്. സഹലിനെപ്പോലുള്ള താരങ്ങളെ ഇഷ്ടപ്പെടുന്ന പരിശീലകനാണ് സെർജിയോ ലൊബേറ.
മോഹൻ ബഗാൻ
മോഹൻ ബഗാനും സഹലിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. സഹൽ വന്നാൽ മധ്യനിര കൂടുതൽ ശക്തിപ്പെടുമെന്ന ചിന്തയാണ് ക്ലബ്ബിനെ ഇതിന് പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിനാൽ വരുന്ന സീസണിൽ ടീം പൊളിച്ചടുക്കിക്കൊണ്ടിരിക്കുകയാണ് മാനേജ്മെന്റ്. പണത്തിനൊപ്പം പ്രീതം കൊടാലിനെയോ ലിസ്റ്റൺ കൊളോസോയേയോ നൽകാമെന്ന് മോഹൻ ബഗാൻ വാഗ്ദാനം ചെയ്യുന്നു.
ബ്ലാസ്റ്റേഴ്സ് നിലപാട്
വൻ തുക കിട്ടിയാൽ ബാസ്റ്റേഴ്സ് സഹലിനെ കൈവിട്ടേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. കൂടുതൽ ധനലാഭം ഉണ്ടായാൽ താരത്തെ ബഌസ്റ്റേഴ്സ് വിൽക്കാനും മതി.
ബഌസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരങ്ങളുടെ പട്ടികയിലും മുന്നിലാണ് സഹൽ. 97 മത്സരം മഞ്ഞപ്പടയ്ക്കൊപ്പം കളിച്ച സഹൽ 10 ഗോളുകളും നേടി. അറ്റാക്കിംഗ് മിഡ്ഫീൽഡറായും സെക്കന്റ് സ്ട്രൈക്കറായും മികച്ച കളിയാണ് താരം പുറത്തെടുക്കുന്നത്. ഇന്ത്യൻ ടീമിലെയും സ്ഥിര സാന്നിദ്ധ്യമായ സഹൽ ദേശീയടീമിനായി 25 കളിയിൽ മൂന്ന് ഗോളുകൾ ഇതുവരെ നേടിക്കഴിഞ്ഞു. ഇന്ത്യൻ ടീമിന്റെ പത്താം നമ്പർ ജഴ്സിയണിയുന്നതും നിലവിൽ സഹലാണ്.


