|
ന്യൂഡൽഹി: ഇന്ത്യൻ പൗരന്റെ ഏകീകൃത തിരിച്ചറിയൽ നമ്പറായ ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി ഇന്ന് അവസാനിക്കാനിരിക്കെ, ഇതുവരെ ലിങ്ക് ചെയ്യാത്തവർ നേരിടാൻ പോകുന്നത് വിവിധ പ്രതിസന്ധികൾ. നേരത്തെ ഒന്നിലധികം തവണ നീട്ടിയ സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. സമയപരിധി നീട്ടുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഇതുവരെയും കേന്ദ്ര സർക്കാർ നൽകിയിട്ടില്ലാത്തതിനാൽ ലിങ്ക് ചെയ്യാത്തവർ നാളെ (ജൂലൈ ഒന്ന്) മുതൽ നേരിടുന്ന പ്രശ്നങ്ങൾ ഇവയാണ്.
ഇക്കഴിഞ്ഞ മാർച്ച് 31ന് ഇരു രേഖകളും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ജൂൺ 30ലേക്ക് നീട്ടിയത്. 1,000 രൂപ പിഴത്തുകയോടെയാണ് പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സവകാശം അനുവദിച്ചത്. നിലവിൽ ആദായ വകുപ്പ് നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം, ജൂലൈ 1-നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹതിമാകും.
അതേസമയം, ആസാം, ജമ്മു & കശ്മീർ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ പൗരന്മാരെയും ഇന്ത്യയിൽ സ്ഥിരതാമസമില്ലത്ത പൗരൻമാരെയും കഴിഞ്ഞ വർഷം 80 വയസ് പൂർത്തിയായവരെയും ലിങ്ക് ചെയ്തില്ലെങ്കിൽ നേരിടാവുന്ന പ്രശ്നങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
1962-ലെ ആദായ നികുതി നിയമത്തിലെ 114-എഎഎ വകുപ്പ് അനുസരിച്ച്, 2022 മാർച്ച് 30-ന് പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ, ആധാറുമായി ബന്ധിപ്പിക്കാത്ത പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) പ്രവർത്തനരഹിതമായാൽ സംഭവിക്കാവുന്ന തടസങ്ങൾക്ക് അതിന്റെ ഉടമസ്ഥർ തന്നെയാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കുന്നു. കൂടാതെ നേരിടാവുന്ന തസങ്ങളെ കുറിച്ചും വിശദമാക്കിയിട്ടുണ്ട്.
താഴെ പറയുന്ന പോയിന്റുകൾ ശ്രദ്ധിക്കുക
* ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും.
* പാൻ കാർഡ് പ്രവർത്തനരഹിതമായാൽ നിരവധി സാമ്പത്തിക ഇടപാടുകളിൽ തടസം നേരിടാം.
* പ്രവർത്തനരഹിതമായ പാൻ കാർഡിന് നൽകാനുള്ള അവശേഷിക്കുന്ന റീഫണ്ടും അനുവദിക്കില്ല.
* അപൂർണമായ റിട്ടേണുകളിൽ അവശേഷിക്കുന്ന നടപടികളും പാൻ കാർഡ് ഒരിക്കൽ പ്രവർത്തന രഹതിമായാൽ റദ്ദാക്കപ്പെടും.
* പാൻ കാർഡ് ഇല്ലെങ്കിൽ ഉയർന്ന തോതിലായിരിക്കും നികുതി കിഴിക്കുക.
* ടിഡിഎസ് & ടിസിഎസ് നികുതികൾ ഉയർന്ന തോതിൽ കിഴിവ്/ ശേഖരിക്കപ്പെടും.
* പിഴത്തുകയായ 1,000 രൂപ അടച്ചശേഷം നിർദിഷ്ട അതോറിറ്റിയിൽ അറിയിപ്പ് നൽകിയാൽ, 30 ദിവസത്തിൽ പാൻ കാർഡ് വീണ്ടും പ്രവർത്തന ക്ഷമമാക്കാവുന്നതാണ്.
* പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ആദായ നികുതി സമർപ്പിക്കാൻ (ഇൻകം ടാക്സ് റിട്ടേൺ) സാധിക്കില്ല.
* ബാക്കിനിൽക്കുന്ന ആദായ നികുതി റിട്ടേണുകളിലും തുടർ നടപടികളുണ്ടാകില്ല.





