കോഴിക്കോട്: ഞായറാഴ്ച ഫറൂഖ് പാലത്തിൽ നിന്ന് ചാലിയാര്‍ പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി പിഎന്‍എ റോഡ് എടിഎസിന് സമീപം പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ തട്ടാപുറത്ത് ജിതി(31)ന്റെ മൃതദേഹമാണ് മമ്മുണിക്കടവിന് സമീപം കാപ്പിക്കമ്പനി മുല്ലശ്ശേരി ഭാഗത്തുനിന്നു കണ്ടെത്തിയത്.
|
തിങ്കൾ വൈകീട്ട് മൂന്നു മണിയോടെ മല്‍സ്യത്തൊഴിലാളിയായ ഷിനോജ് മുല്ലശ്ശേരിയാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണം കഴിച്ച് വീട്ടിനു മുമ്പിലിരിക്കെ പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോവുന്നത് ശ്രദ്ധയില്‍പെട്ട ഷിനോജ് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു സ്‌കൂബാ ഡൈവിങ് ടീം എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ പത്തരയോടെയാണ് നവദമ്പതികളായ മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിനും വര്‍ഷയും ഫറൂഖ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയത്. സംഭവസമയം ഇതുവഴി വന്ന മഞ്ചേരി തുറക്കല്‍ സ്വദേശി ഫൈസല്‍ കുരിക്കളും സുഹൃത്തുക്കളായ മുള്ളമ്പാറ സ്വദേശികള്‍ മുഹമ്മദ് ഷെരീഫും അന്‍വറും വാഴക്കാട് മപ്രം സ്വദേശിയും ലോറി ഡ്രൈവറുമായ ജാബിറുമാണ് കയറിട്ടുകൊടുത്ത് വർഷയെ രക്ഷിച്ചത്. അതേസമയം, ഒഴുക്കു കൂടിയ സ്ഥലത്തേക്കു വീണ ജിതിന് കയറില്‍ പിടിക്കാനായില്ല. എല്ലാവരും നോക്കിനില്‍ക്കെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു.





