21
Jul 2023
Thu
21 Jul 2023 Thu

മാഡ്രിഡ്: ടർക്കിഷ് വമ്പന്മാരായ ഫെനർബാഷെയുടെ 18 കാരനായ യുവപ്രതിഭ അർദാ ഗുലെറിനെ സ്വന്തമാക്കി റയൽ മാഡ്രിഡ്. 20 മില്യൺ യൂറോ നൽകിയാണ് റയൽ, ഫെനർബാഷെയിൽ നിന്ന് താരത്തെ റാഞ്ചിയത്. നേരത്തെ 17.5 മില്യണിന്റെ റിലീസ് ക്ലോസ് തുർക്കി ക്ലബിന് മുന്നിൽ ബാഴ്‌സലോണ സമർപ്പിച്ചെങ്കിലും ഭാവി പ്രതിഭയെ കൂടുതൽ പണം കൊടുത്ത് റയൽ സ്വന്തമാക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താരം അഞ്ചുവർഷത്തെ കരാർ റയലിൽ ഒപ്പുവെക്കും. 20 മില്യൺ ഫീയും ഒപ്പം ആഡ് ഓണും ഉണ്ടാകും. അർദയെ ഭാവിയിൽ റയൽ വിൽക്കുമ്പോൾ ആ ഫീയുടെ 20%വും ഫെനർബാഷെക്ക് ലഭിക്കും. താരത്തിന്റെ സൈനിംഗ് താമസിയാതെ തന്നെ റയൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. റയൽ മാഡ്രിഡ് ഈ വരുന്ന സീസണിൽ തന്നെ താരത്തെ ഫസ്റ്റ് ടീമിന്റെ ഭാഗമാക്കും. വലതു വിങ്ങിലാകും താരം റയലിനായി കളിക്കുക.

റിയലിന്റെ മുൻ താരം മെസ്യൂട്ട് ഓസിലിന്റെ വിടവാങ്ങലിന് ശേഷം ഗുലറിന് 10ാം നമ്പർ ജേഴ്‌സി നൽകി ഫെനർബാഷെ കൗമാര താരത്തെ ടീമിന്റെ മുഖമാക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിലൂടെ ഗുലർ ആരാധകരുടെയും നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അവസാന രണ്ടു വർഷമായി ഫെബർബാഷെയുടെ സീനിയർ ടീമിനൊപ്പം അർദ ഉണ്ട്. താരം തുർക്കി ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

റയൽ മാഡ്രിഡ് ഈ സീസണിൽ ജൂഡ് ബെല്ലിംഗ്ഹാം, ജോസെലു എന്നിവരെ ഇതിനകം ടീമിലെത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെക്കായി റയൽ നിരന്തരം ബന്ധപ്പെട്ടിരിക്കുകയാണ്. എംബാപ്പെ കൂടി എത്തിയാൽ ടീം സുശക്തരാകും.