കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയില്‍ മുന്നില്‍ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും. പൃഥ്വിരാജും അവസാന റൗണ്ടിലുണ്ട്. അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ മമ്മൂട്ടിക്കോ കുഞ്ചാക്കോ ബോബനോ പുരസ്കാരം ലഭിക്കും. പട്ടികയില്‍ ഒന്നാമതാണ് മമ്മൂട്ടി.
|
മമ്മൂട്ടി മികച്ച അഭിനയം കാഴ്ചവച്ച നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളാണ് അവസാന റൗണ്ടില്‍. നന്‍പകല്‍ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ അഭിനയം അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദികളില്‍ ഉള്‍പ്പെടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനെ പട്ടികയില്‍ കേറാന്‍ സഹായിച്ചത്. തീര്‍പ്പ്, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് പൃഥ്വിരാജിനെ അവസാന റൗണ്ടിലെത്തിച്ചത്.
മത്സരത്തിന് ആകെ 154 ചിത്രങ്ങളാണ് എത്തിയത്. അതില്‍ നിന്ന് 42 എണ്ണമാണ് രണ്ട് പ്രാഥമിക ജൂറികള്‍ തിരഞ്ഞെടുത്തത്. ബംഗാളി ചലച്ചിത്രകാരന് ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള അന്തിമജൂറി അവസാന റൗണ്ടിലെത്തിയ സിനിമകള്‍ വിലയിരുത്തിത്തുടങ്ങിയിട്ടുണ്ട്. 18ന് അവാര്‍ഡ് പ്രഖ്യാപിച്ചേക്കും.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം, തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളയ്ക്ക, മഹേഷ് നാരായണന് സംവിധാനം ചെയ്ത അറിയിപ്പ്, ഷാഹി കബീര്‍ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറ, വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ… തുടങ്ങിയവ മികച്ച ചിത്രം, ംവിധായകന് തുടങ്ങിയ പ്രഥാന അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്.


