ബെംഗളൂരു: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. വളരെ സ്‌നേഹ സമ്പന്നനും നിഷ്‌കളങ്കനുമായ വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. കേവലം രാഷ്ട്രീയ ബന്ധമല്ല, അതിനുമപ്പുറമുള്ള കെട്ടുറപ്പായിരുന്നു തമ്മിലുണ്ടായിരുന്നതെന്നും അദ്ദേഹം ഓര്‍മിച്ചു.
|
സമയവും കാലവും നോക്കാതെ ജനങ്ങള്‍ക്കിടയിലാണ് അദ്ദേഹം ജീവിച്ചത്. എപ്പോഴും ഒരു ചെവി ജനങ്ങള്‍ക്കായി തുറന്നുവച്ചു ജീവിച്ചുമരിച്ചയാളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ പലനില പദവികളില്‍ പലതരം പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുണ്ട്. ഈ നിലയിലെല്ലാം ഒരു സുഹൃദ്ബന്ധം കെട്ടിപ്പടുക്കാനായിട്ടുണ്ട്. കയര്‍ത്ത് ഒരു വാക്കുപോലും ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. അഭിപ്രായവ്യത്യാസമുണ്ടായാല്‍ രണ്ടുപേരും കനത്ത ദുഃഖത്തോടെ മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളത്. ഒരു ഘട്ടത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ നില്‍ക്കുമ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ എനിക്ക് അറിയാം. അന്നെല്ലാം പ്രശ്‌നങ്ങള്‍ ഇരുന്ന് പരിഹരിക്കാനായി. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദകാലത്ത് അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, രാഷ്ട്രീയ ആവശ്യമായി അതു വന്നപ്പോള്‍ അതിനും ഒരു പരിഹാരം അദ്ദേഹം കണ്ടു. അതിന്റെ പേരില്‍ ഒരുപാട് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തിനുണ്ടായി. പ്രായോഗികമായി ബുദ്ധിമുട്ടുള്ള അത്തരം വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ രീതിയാണത്. മുഖത്ത് ദുഃഖം പ്രകടനമാകുമെങ്കിലും വാക്കുകൊണ്ട് അതു പുറത്തുവരില്ല. എന്നോട് മാത്രമല്ല, ഒരാളോടും മോശമായി പ്രതികരിച്ചിട്ടില്ല. ജീവിതകഥ എഴുതുകയാണെങ്കില്‍ എനിക്കാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ എഴുതാനുണ്ടാകുക.
മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍ എന്നിങ്ങനെ പാണക്കാട് കുടുംബത്തോട് വലിയ ബന്ധമായിരുന്നു. സ്വന്തം കുടുംബത്തോടെന്ന പോലെയുള്ള ബന്ധമായിരുന്നു. അദ്ദേഹം പാണക്കാട് വരുമ്പോള്‍ എല്ലാവരും കൂടും. അങ്ങനെയുള്ള വ്യത്യസ്തമായ ബന്ധമായിരുന്നു. കേരളത്തിന് ഒരുപാട് നേട്ടങ്ങളാണ് അദ്ദേഹം ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കാന്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.





