ഭൗതികദേഹം ജന്മനാട്ടിലെത്തി; ഉമ്മന്‍ ചാണ്ടിയുടെ സംസ്കാരം വൈകീട്ട്
|
കോട്ടയം: അന്തരിച്ച ജനനായകന് ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്തെത്തി. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്രയാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തിയത്. വഴിനീളെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. പുതുപ്പള്ളിയിലെ വസതിയില്‍ എത്തിച്ച ശേഷം അന്ത്യ കര്‍മ്മങ്ങള്‍ക്കായി പുതുപ്പള്ളി സെന്റ് ജോര്ജ്പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ ആരംഭിക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ നേതൃത്വം നല്‍കും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാകും സംസ്കാരം.
പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസിലാണ് മൃതദേഹം വഹിച്ചുള്ള അന്ത്യ യാത്ര. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും കോണ്‍ഗ്രസ് നേതാക്കളും ബസില്‍ അനുഗമിക്കുന്നുണ്ട്.
വിലാപ യാത്ര പുലര്‍ച്ചെ 5.30നാണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്നു ഇന്നലെ രാവിലെ ഏഴേ കാലോടെയാണ് വിലാപ യാത്ര ആരംഭിച്ചത്. അവിടം മുതല്‍ കോട്ടയം ജില്ല വരെയുള്ള ദൂരം താണ്ടാന്‍ മണിക്കൂറുകളാണ് എടുത്തത്. ഓരോ ചെറു കവലയിലും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തി. മഴയും പ്രതികൂല കാലവസ്ഥയും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയും ജനം അദ്ദേഹത്തെ കാത്തു നിന്നു. അര്‍ധ രാത്രിയില്‍ കത്തിച്ച മെഴുകുതിരിയുമായി പോലും ആളുകള്‍ വഴിയോരത്തു നിന്നു. 61 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ എടുത്തത് 10 മണിക്കൂറിലേറെ സമയം.





