ഫേസ്ബുക്ക് ലൈവിനെ തള്ളി വിനായകന്; ലൈവില്‍ വന്നത് പെട്ടെന്നുള്ള പ്രകോപനത്തിലെന്ന് നടന്
|
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് ലൈവിനെ തള്ളി നടന് വിനായകന്. ഉമ്മന്‍ചാണ്ടിയെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെയല്ല ഫേസ്ബുക്ക് ലൈവില്‍ വന്നതെന്ന് വിനായകന് പോലീസിന് മൊഴി നല്കി. കേസില്‍ നടന് വിനായകനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്. വിനായകന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് ഇതു ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
മൊഴി രേഖപ്പെടുത്തിയ പൊലീസ് കൂടുതല്‍ പരിശോധനകള്‍ക്കായാണു വിനായകന്റെ ഫോണ്‍ പിടിച്ചെടുത്തത്. പൊലീസ് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസും നല്‍കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
തന്റെ വീട് ആക്രമിച്ചെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന് പൊലീസിനെ അറിയിച്ചു. തനിക്കെതിരെ കേസെടുക്കരുതെന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം ആവശ്യപ്പെട്ട സാഹചര്യത്തിലാണു തീരുമാനമെന്നും വിനായകന് പൊലീസിനോടു പറഞ്ഞു.
ഇന്നലെ ഉച്ചയോടെ വിനായകന്റെ കലൂരിലെ വീട്ടിലെത്തിയാണു പൊലീസ് ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം പൊലീസ് വാക്കാല്‍ ആവശ്യപ്പെട്ടെങ്കിലും വിനായകന് എത്തിയിരുന്നില്ല.


