‘മലപ്പുറം സ്റ്റോറി’! വിജയലക്ഷ്മിയമ്മ മരിച്ചപ്പോഴും മദ്രസ കമ്മിറ്റി കൂടെ നിന്നു; മദ്രസക്ക് അവധി നല്‍കി, കുടുംബത്തിന് താമസിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി
|
മലപ്പുറം: മനുഷ്യത്വത്തിന്റെയും കാരുണ്യത്തിന്റെ പാഠങ്ങള്‍ സമ്മാനിക്കുന്നതില്‍ മുമ്പിലുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. അതുപോലെ മത സൗഹാര്‍ദ്ദത്തിലും ജില്ലയുടെ കീര്‍ത്തി വലുതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോട്ടക്കലിനടുത്തുള്ള പറപ്പൂര്‍ പഞ്ചായത്തില്‍ കൊപ്പുറത്തെ മട്ടണപ്പാടില്‍ നിന്നുള്ള വാര്‍ത്ത. ചക്കിങ്ങല്‍തൊടി വേലായുധന്റെ ഭാര്യ വിജയലക്ഷ്മി കഴിഞ്ഞ ദിവസം മരിച്ചപ്പോള്‍ സമീപത്തെ തഅ്‌ലീമു സ്വിബ് യാന്‍ മദ്രസയിലെ അധ്യാപകനും ഭാരവാഹികളും ക്ലാസിന് അവധിയെടുത്താണ് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത്. വേലായുധന്റെ ഭാര്യ വിജയലക്ഷ്മി(58)യുടെ മരണം കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു.
വിവരമറിഞ്ഞയുടന്‍ മദ്രസ അധ്യാപകന്‍ അബ്ദുല്‍ മജീദ് മുസ്‌ല്യാര്‍ പൊട്ടിക്കലും മദ്രസ കമ്മിറ്റി പ്രസിഡന്റ് അമ്പലവന്‍ ആറ്റുമണ്ണില്‍ കുഞ്ഞിപ്പയും സെക്രട്ടറി കരുമണ്ണില്‍ അബ്ദുഹാജിയും വിജയലക്ഷ്മിയുടെ വീട്ടിലെത്തി. വിജയലക്ഷ്മിയുടെ വീട്ടില്‍ സ്ഥല പരിമിതി ഉള്ളതിനാല്‍ ദൂരെ നിന്നെത്തിയ ബന്ധുക്കളും മറ്റും മദ്രസയുടെ ഇരുനിലക്കെട്ടിടത്തിലാണ് രാത്രി താമസിച്ചത്. ഇവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കാന്‍ മദ്രസ ഭാരവാഹികളും മുന്നിലുണ്ടായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിനായി ഷൊര്‍ണൂരിലേക്ക് കൊണ്ടുപോകുന്നത് വരെ മദ്രസ കമ്മിറ്റി വിജയലക്ഷ്മിയുടെ കുടുംബത്തെ സഹായിച്ചു.
വിജയലക്ഷ്മി- വേലായുധന്‍ ദമ്പതികളും മദ്രസയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മദ്രസയില്‍ ആരെങ്കിലും പലഹാരങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ കൊണ്ടുവന്നാല്‍ അതിന്റെ ഒരു ഭാഗം വേലായുധന്റെ വീട്ടിലേക്ക് കൊടുക്കും. വേലായുധന്റെ വീട്ടില്‍ വിശേഷാവസരങ്ങളില്‍ ആദ്യം എത്തുന്നത് മദ്രസ ഭാരവാഹികളാണ്. നബിദിനം പോലുള്ള ചടങ്ങുകളില്‍ സഹായിക്കാന്‍ വേലായുധനും കുടുംബവും മദ്രസയിലെത്തും. വേലായുധന്റെ കുടുംബം കുടിവെള്ളത്തിനായി പലപ്പോഴും ആശ്രയിക്കുന്നത് മദ്രസയെയാണ്. തയ്യല്‍ക്കാരനാണ് വേലായുധനും വിജയലക്ഷ്മിയ്ക്കും രണ്ട് മക്കളുണ്ട്. മക്കള്‍: ജ്യൂഷ്, ജിംഷി. മരുമകള്‍: മിഹിഷ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





