അവിശ്വാസ പ്രമേയത്തെ YSR കോണ്‍ഗ്രസും BSPയും പിന്തുണയ്ക്കില്ല; ‘ഇന്ത്യ’ ഇന്ന് പാര്‍ലമെന്റിലെത്തുക കറുപ്പണിഞ്ഞ്
|
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ ആന്ധ്രപ്രദേശ് ഭരിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസും ബിഎസ്പിയും പിന്തുണയ്ക്കില്ല. വൈഎസ്ആര്‍ കോണ്‍ഗ്രസിനു 22 എംപിമാരും ബിഎസ്പിക്ക് 10 എംപിമാരുമാണ് ഉള്ളത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെങ്കില്‍ ലോക്‌സഭയിലെ 50 എംപിമാരുടെ പിന്തുണ വേണം. ഇവരുടെ പിന്തുണയില്ലെങ്കിലും കോണ്‍ഗ്രസിന് മാത്രം 49 അംഗങ്ങളുള്ളതിനാല്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനാവശ്യമായ അംഗബലം എളുപ്പം ലഭിക്കും.
മണിപ്പൂര്‍ കലാപം, സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായി നിരാകരിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ അംഗീകരിച്ചിരുന്നു.
കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ ഉള്‍പ്പെടാത്ത ബിആര്‍എസിന്റെ നമോ നാഗേശ്വര റാവുവുമാണ് അവിശ്വാസ നോട്ടീസ് നല്‍കിയത്. എല്ലാ പാര്‍ട്ടി നേതാക്കളുമായും സംസാരിച്ച ശേഷം അവിശ്വാസ നോട്ടീസിന്മേല്‍ ചര്‍ച്ചയുടെ തീയതി തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇതുപ്രകാരം ഇന്ന് പ്രതിപക്ഷ നേതാക്കള്‍ പാര്‍ലമെന്റില്‍ എത്തുക കറുത്ത വസ്ത്രം ധരിച്ചായിരിക്കും. രാവിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്ന് പുതിയ തന്ത്രങ്ങള്‍ ചര്‍ച്ചചെയ്യും.
കേന്ദ്രം അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത് ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ അവതരിപ്പിച്ച ശേഷമാവുമെന്നാണ് സൂചന. എന്നാല്‍ അവിശ്വാസ പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് ലോക്‌സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.
മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ അറിയിച്ചിട്ടുണ്ട്. അക്രമം രൂക്ഷയമായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിലവിലെ സ്ഥിതിഗതികള്‍ മനസിലാക്കുന്നതിനായി ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) സഖ്യം രൂപീകരിച്ച 26 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുടെ സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടികളായിരിക്കും സംഘത്തെ നയിക്കുക. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതിയും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല.





