16
Jul 2023
Thu
16 Jul 2023 Thu

Happy Birth Day കെ.എസ് ചിത്ര..! പ്രിയ ഗായികക്ക് 60 തികഞ്ഞു; ഹേറ്റേഴ്‌സ് ഇല്ലാത്ത മലയാളി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളികളുടെ പ്രിയ ഗായിക കെ.എസ് ചിത്രയുടെ 60 മത്തെ ജന്മദിനം ഇന്ന്. പതിറ്റാണ്ടുകളായി തുടരുന്ന സംഗീതയാത്രയില്‍ ആ സ്വരമാധുരി ഇന്നും ഒളിമങ്ങാതെ ആസ്വാദക ഹൃദയങ്ങളില്‍ പെയ്തിറങ്ങുകയാണ്. പതിനെട്ടായിരത്തിലേറെ പാട്ടുകള്‍ ചലച്ചിത്രങ്ങള്‍ക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകള്‍ അല്ലാതെയും പാടിയിട്ടുണ്ട് ചിത്ര.

ഇന്ത്യന്‍ സിനിമാ ഗാനരംഗത്തെ ഏറ്റവും മികച്ച ഗായികമാരില്‍ ഒരാളായ ചിത്ര വര്‍ഷങ്ങളായി ധാരാളം ഹിറ്റ് ട്രാക്കുകളാണ് സമ്മാനിച്ചത്. ആറ് ദേശീയ അവാര്‍ഡുകള്‍, എട്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, 36 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എന്നിവ നേടിയ മലയാളത്തിന്റെ വാനമ്പാടി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃത, മലായ്, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചു.

1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായി മാറുകയായിരുന്നു. ആല്‍ബം ഗാനങ്ങള്‍ പാടിയായിരുന്നു തുടക്കം. അട്ടഹാസം, സ്‌നേഹപൂര്‍വ്വം മീര, ഞാന്‍ ഏകനാണ് തുടങ്ങിയ സിനിമകളാണ് ആദ്യകാല ചിത്രങ്ങള്‍.

എന്നിരുന്നാലും തമിഴ് സിനിമാ ലോകമാണ് ചിത്രയ്ക്ക് ആദ്യ ദേശീയപുരസ്‌കാരം നേടിക്കൊടുത്തത്. 1986ല്‍ ‘സിന്ധുഭൈരവി’ എന്ന സിനിമയിലെ ‘പാടറിയേന്‍ പഠിപ്പറിയേന്‍’ ഗാനമാണ് ആ നേട്ടം സ്വന്തമാക്കാന്‍ ചിത്രയെ പിന്തുണച്ചത്. തൊട്ടടുത്ത വര്‍ഷം ‘മഞ്ഞള്‍ പ്രസാദവും ചാര്‍ത്തി’ എന്ന ഗാനത്തിന് ചിത്ര മലയാളത്തിലേക്ക് ഒരു ദേശീയ പുരസ്‌കാരം സമ്മാനിച്ചു.

ഹേറ്റേഴ്‌സ് ഇല്ലത്ത അപൂര്‍വമലയാളിയാണ് ചിത്ര. 2005ല്‍ രാജ്യം ചിത്രയെ പത്മശ്രീ നല്‍കിയും 2021ല്‍ പത്മഭൂഷണ്‍ സമ്മാനിച്ചും ആദരിച്ചു. എസ്.പി വെങ്കിടേഷിന് വേണ്ടി ചിത്ര നിരവധി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. മലയാളത്തില്‍ കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ചിത്ര ഏറ്റവുമധികം ഡ്യുയറ്റ് പാടിയിരിക്കുന്നത്. 2017 ലെ കണക്കനുസരിച്ച് 16 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടി എന്ന റെക്കോര്‍ഡും ഇട്ടിട്ടുണ്ട്.

2005 ല്‍ യുകെയിലെ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹൗസ് ഓഫ് കോമണ്‍സ് അംഗീകരിച്ച ആദ്യത്തെ ഇന്ത്യന്‍ വനിതയാണ് ചിത്ര. 2009 ല്‍ കിംഗ്ഹായ് ഇന്റര്‍നാഷണല്‍ മ്യൂസിക് ആന്‍ഡ് വാട്ടര്‍ ഫെസ്റ്റിവലില്‍ ചൈന സര്‍ക്കാറിന്റെ ബഹുമതി നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക ഗായികയുമാണ്. 2001ല്‍ റോട്ടറി ഇന്റര്‍നാഷണലിന്റെ അവാര്‍ഡിന് അര്‍ഹയായി.

രവീന്ദ്രന്‍, ശ്യാം, എസ്.പി വെങ്കിടേഷ്, മോഹന്‍ സിതാര, കണ്ണൂര്‍ രാജന്‍, ഇളയരാജ, ജോണ്‍സണ്‍, ഔസേപ്പച്ചന്‍, എം.കെ അര്‍ജുനന്‍, എ.ടി ഉമ്മര്‍, ബേണി ഇഗ്‌നേഷ്യസ്, എം.ബി ശ്രീനിവാസന്‍, വിദ്യാസാഗര്‍, രമേശ് നാരായണന്‍, ഷാരെത്ത്, എം. ജയചന്ദ്രന്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.

1963 ജൂലൈ 27ന് സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്ണന്‍ നായരുടെ രണ്ടാമത്തെ പുത്രിയായി തിരുവനന്തപുരത്താണ് ചിത്ര ജനിച്ചത്. അമ്മ ശാന്ത കുമാരി. പ്രമുഖ ഗായികയായിരുന്ന കെ.എസ്. ബീന, ഗിറ്റാര്‍ വിദഗ്ധന്‍ കെ.എസ്. മഹേഷ് എന്നിവരാണ് സഹോദരങ്ങള്‍.സംഗീതസംവിധായക നായ എം.ജി. രാധാകൃഷ്ണന്‍ ആണ് 1979ല്‍ മലയാള സിനിമയില്‍ ആദ്യമായി പാടാന്‍ ചിത്രക്ക് അവസരം നല്‍കിയത്. എം.ജി. രാധാകൃഷ്ണന്റെ സംഗീതത ്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ ‘ചെല്ലം ചെല്ലം’ എന്ന ഗാനം പാടി. ഒരു വര്‍ഷത്തിനു ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യ ചിത്രം പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു. എം.ജി. രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തില്‍ അരുന്ധതിയുമൊത്ത് പാടിയ ‘അരികിലോ അകലെയോ’ എന്നതാണ് ഈ ഗാനം. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ രജനീ പറയൂ.., പ്രണയവസന്തം തളിരണിയുമ്പോള്‍ എന്നീ ഗാനങ്ങള്‍ ചിത്രയെന്ന ഗായികയെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയാക്കി.

മലയാളിയുടെ പിറന്നാള്‍ മധുര നിമിഷങ്ങളിലും മറ്റെല്ലാ ആഘോഷ നിമിഷങ്ങളിലും നമ്മള്‍ പോലും അറിയാതെ നമ്മളിലേക്ക് ഒഴുകിയെത്താറുള്ള ആ സ്വരമാധുര്യത്തിന് .. മലയാളിയുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക്പിറന്നാള്‍ ആശംസകള്‍…