സമസ്ത- ലീഗ് ഭിന്നത അടിത്തട്ടില്‍ വരെ; പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലും അടി; അടിയന്തരമായി ഇടപെട്ട് നേതാക്കള്‍
|
മലപ്പുറം: സമസ്തയും മുസ്ലിം ലീഗും തമ്മില്‍ ഈയടുത്തായി നിലനില്‍ക്കുന്ന ഭിന്നത കടുക്കുകയും സോഷ്യല്‍മീഡിയയില്‍ ചേരിതിരിഞ്ഞ് അടികൂടുകയും ചെയ്തതോടെ രമ്യനീക്കങ്ങളും സജീവം. സമസ്തയുടെ യുവജനവിഭാഗമായ എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെയും സമസ്ത നേതാവ് കൂടിയായ മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിയുടെയും പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഭിന്നത കടുക്കാന്‍ ഒടുവിലുണ്ടായ കാരണം. സി.പി.എമ്മുമായി മുന്നണി ബന്ധമുണ്ടായിരുന്ന മുസ് ലിം ലീഗ്, സമസ്ത സിപിഎമ്മുമായി സഹകരിക്കുന്നതിനെ വിമര്‍ശിക്കുന്നതിന്റെ യുക്തിയെന്തെന്നായിരുന്നു ഹമീദ് ഫൈസി അമ്പലക്കടവ് പ്രസംഗത്തില്‍ ചോദിച്ചത്. കല്പപറ്റയില്‍ നടന്ന പരിപാടിയില്‍ അബ്ദുറഹ്മാന്‍ കല്ലായി, ഹമീദ് ഫൈസിക്ക് മറുപടി നല്‍കിയതോയെ വിവാദം കൊഴുത്തു. ലീഗ് വിരുദ്ധരായ നാലഞ്ചുപേര്‍ ചേര്‍ന്ന് ഹമീദ് ഫൈസിയുടെ നേതൃത്വത്തില്‍ സമസ്തയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നാണ് കല്ലായി ആരോപിച്ചത്. ഹമീദ് ഫൈസി കടുത്ത ലീഗ് വിരോധിയാണെന്നും സിപിഎമ്മിന് പാദസേവ നടത്തുന്നവരെ ലീഗ് നേരിടുമെന്നും കല്ലായി ഭീഷണിപ്പെടുത്തി.
പ്രസംഗങ്ങള്‍ ലീഗിന്റെയും സമസ്തയുടെയും പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പോലും ചര്‍ച്ചയായതോടെ ഗ്രൂപ്പുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’ ആക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പ്രശ്‌നം കൈവിട്ടുപോകുമെന്ന ഘട്ടം ഉണ്ടായതോടെ ലീഗിന്റെയും സമസ്തയുടെയും മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. അനാരോഗ്യകരമായ ചര്‍ച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്നാണ് നേതാക്കളുടെ നിര്‍ദേശം. മലപ്പുറം കൊണ്ടോട്ടിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് സമസ്ത, ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. നേതാക്കള്‍ വൈകാതെ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.





