ഡല്‍ഹി ഓഫീസിനായി ക്രൗഡ് ഫണ്ടിങ്; മുസ്‌ലിംലീഗ് ഒരുമാസം കൊണ്ട് പിരിച്ചെടുത്തത് 26 കോടി
|
കോഴിക്കോട്: ഡല്‍ഹിയില്‍ ഖാഇദെ മില്ലത്ത് സെന്റര്‍ എന്ന പേരില്‍ ആസ്ഥാന മന്ദിരം നിര്‍മിക്കാനായി മുസ്‌ലിംലീഗ് ഒരുമാസത്തിനുള്ളില്‍ പിരിച്ചെടുത്തത് 26 കോടിരൂപയിലധികം.
ഫണ്ട് സമാഹരണം ആരംഭിച്ച് ജൂലൈ ഒന്നുമുതല്‍ ജൂലൈ 31ന് രാത്രി 12 മണിവരെയായി 26,77,44,658 (ഇരുപത്തി ആറ് കോടി എഴുപത്തി ഏഴ് ലക്ഷത്തി നാല്‍പത്തി നാലായിരത്തി അറുനൂറ്റി അമ്പത്തി എട്ട്) രൂപ ആണ് പാര്‍ട്ടി പിരിച്ചെടുത്തത്. 25 കോടി രൂപയാണ് പാര്‍ട്ടി ടാര്‍ജറ്റായി നിശ്ചയിച്ചതെങ്കിലും അതിലും വലിയ തുകയാണ് പ്രവര്‍ത്തകരും പൊതുസമൂഹവും സംഭാവന ചെയ്തതെന്ന് നേതാക്കള്‍ പറഞ്ഞു.
കൂടുതല്‍ തുക സംഭാവന ചെയ്ത ജില്ല മലപ്പുറമാണ്. 9.82 കോടിരൂപയാണ് ജില്ലയില്‍നിന്ന് മാത്രം പിരിവ് ലഭിച്ചത്. ജില്ലാടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് കോഴിക്കോട് ജില്ലയാണ്. 5.84 കോടി. മൂന്നാംസ്ഥാനത്ത് 3.97 കോടി സംഭാവന ചെയ്ത കണ്ണൂരിനാണ്.
അസംബ്ലി മണ്ഡലങ്ങളില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയാണ് മുന്നില്‍. പഞ്ചായത്ത് തലത്തില്‍ മലപ്പുറം ജില്ലയിലെ എ.ആര്‍ നഗര്‍ പഞ്ചായത്ത് 31 ലക്ഷത്തില്‍ പരം രൂപ പിരിച്ചെടുത്തപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ തൃക്കോട്ടൂര്‍ പഞ്ചായത്ത് 29 ലക്ഷം രൂപ നല്‍കി രണ്ടാം സ്ഥാനത്തെത്തി. 22 ലക്ഷം രൂപ നല്‍കിയ കാസര്‍ഗോഡ് ജില്ലയിലെ ചെങ്ങള പഞ്ചായത്താണ് മൂന്നാം സ്ഥാനത്ത്.
മുന്‍സിപ്പാലിറ്റികളില്‍ 32 ലക്ഷം രൂപ പിരിച്ച് കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുന്‍സിപ്പാലിറ്റിയും 31 ലക്ഷം രൂപയുമായി കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയും 30 ലക്ഷം രൂപയുമായി മലപ്പുറം മുന്‍സിപ്പാലിറ്റിയും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. യൂണിറ്റ് തലത്തില്‍ 14.5 ലക്ഷം രൂപ പിരിച്ച കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ ടൗണ്‍ യൂണിറ്റാണ് ഒന്നാം സ്ഥാനത്തെത്തിയത്.
ക്രൗഡ് ഫണ്ടിംഗ് വന്‍ വിജയമാക്കിയവരെ നേതാക്കള്‍ പ്രത്യേകം അഭിനന്ദിച്ചു. ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയ ആദ്യ നൂറ് പഞ്ചായത്തുകളെയും 25 മണ്ഡലം കമ്മിറ്റികളെയും 15 മുന്‍സിപ്പാലിറ്റികളെയും 10 ടോപ്പ് വളണ്ടിയര്‍മാരെയും കോഴിക്കോട്ട് നടത്തുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് പ്രത്യേകം ആദരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.





