ന്യൂഡൽഹി: മണിപ്പൂരിൽ ഭരണ സംവിധാനം തകർന്നെന്ന് സുപ്രിം കോടതി. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസ് അശക്തരാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി മണിപ്പൂർ പൊലീസ് മേധാവി നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നേരിട്ട് ഹാജരാകാൻ മണിപ്പൂർ ഡിജിപിക്ക് സുപ്രിം കോടതി നിർദേശം നൽകിയിരിക്കുന്നത്.
|
കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അന്വേഷണ മേൽനോട്ടത്തിന് മുൻ ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിക്കേണ്ടിവരുമെന്നും കോടതി സൂചന നൽകി. സ്ത്രീകളെ നഗ്നരായി നടത്തിയ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കാലതാമസമുണ്ടായെന്ന് വ്യക്തമാണെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പീഡനത്തിന് ഇരയായ സ്ത്രീയെ പൊലീസാണ് ആൾക്കൂട്ടത്തിന് കൈമാറിയതെന്നാണ് ഹരജി നൽകിയ സ്ത്രീ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ പൊലീസ് ആരെയെങ്കിലും അറസ്റ്റ് ചെയ്തോ? ഈ മാസങ്ങളിലെല്ലാം ഡിജിപി അത് കണ്ടെത്താൻ ശ്രദ്ധിച്ചോ? ഡിജിപി എന്താണ് ചെയ്തത്? പ്രതികളെ കണ്ടെത്തേണ്ടത് അദ്ദേഹത്തിന്റെ ജോലിയല്ലേ? എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കാര്യം പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചോ? പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അദ്ദേഹം തയാറായോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. കേസ് വിശദമായ വാദം കേൾക്കാൻ ഈ മാസം ഏഴിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





