‘ഇന്ത്യ’യുടെ അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്; വോട്ടെടുപ്പ് വൈകീട്ടോടെ
|
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ‘ഇന്ത്യ’ സഖ്യം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. വൈകീട്ടോടെ അവിശ്വാസ പ്രമേയത്തിന്മേല്‍ സഭയില്‍ വോട്ടെടുപ്പും നടക്കും. ഇതോടെ അവിശ്വാസപ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും.
വൈകിട്ട് നാലുമണിയോടെയാകും മോദി സംസാരിക്കുക. അതിനു മുമ്പ് മറ്റംഗങ്ങളുടെ പ്രസംഗങ്ങള്‍ പൂര്‍ത്തിയാക്കും. ഒഴിഞ്ഞുകിടക്കുന്ന അഞ്ച് സീറ്റുകള്‍ മാറ്റി നിര്‍ത്തി നിലവിലെ ലോക്‌സഭ അംഗങ്ങളുടെ ആകെ എണ്ണം 538 ആണ്. ഇതിനാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 270 വോട്ടുകളാണ്. ബി.ജെ.പിക്ക് സ്വന്തമായി 301 അംഗങ്ങളുണ്ട്. എന്‍.ഡി.എക്ക് ആകുമ്പോള്‍ അംഗബലം 334 ആകും. ഇന്ത്യ സഖ്യത്തിന് 147 ഉം മറ്റുള്ളവര്‍ 57 ഉം ആണ്. അതിനാല്‍ അവിശ്വാസം പാസാകില്ല. പ്രമേയം പാസ്സായില്ലെങ്കിലും ശക്തി തെളിയിക്കുകയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മൗനം തുടര്‍ന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
മുന്നണിയുടെ ഭാഗമല്ലെങ്കിലും ബിആര്‍എസ് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മണിപ്പൂര്‍ വിഷയത്തില്‍ ചൊവ്വാഴ്ചയാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടങ്ങിയത്.





