30
Aug 2023
Thu
30 Aug 2023 Thu

ന്യൂഡൽഹി: 70,000 രൂപയ്ക്ക് ‘വാങ്ങി’ വിവാഹം കഴിച്ച സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വനമേഖലയിൽ തള്ളിയ യുവാവ് പിടിയില്‍. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ഫത്തേപൂർ ബേരിയിലാണ് സംഭവം. ധരംവീർ എന്നയാളാണ് ഭാര്യയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചത്. ഭാര്യയുടെ പെരുമാറ്റത്തിൽ അതൃപ്തിയുളളതിനാലാണ് ഇയാൾ കൊലപാതകം നടത്തിയത് എന്ന് പൊലീസ് അറിയിച്ചു. ഇയാളെ കൂടാതെ കൊലപാതകത്തിന് സഹായിച്ച മറ്റ് രണ്ടു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഫത്തേപൂർ ബേരിയിലെ ജീൽ ഖുർദ് അതിർത്തിക്കടുത്തുള്ള വനത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഒരു പിസിആർ കോൾ ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച പുലർച്ചെ 1.40 ഓടെ ആ ഭാഗത്ത് സംശയാസ്പദമായി ഒരു ഓട്ടോറിക്ഷയുടെ സാന്നിധ്യം കണ്ടെത്തി. ഓട്ടോറിക്ഷയുടെ റൂട്ട് ട്രാക്ക് ചെയ്യുകയും രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് വാഹനത്തിന്റെ ഡ്രൈവർ ഛത്തർപൂർ സ്വദേശിയായ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറഞ്ഞു.

താനും ഭാര്യാസഹോദരന്മാരും നംഗ്ലോയ് നിവാസികളുമായ ധരംവീറും സത്യവാനും ചേർന്നാണ് സ്ത്രീയെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചതായി ഡിസിപി പറഞ്ഞു. ധരംവീറിന്റെ ഭാര്യ സ്വീറ്റിയാണ് കൊല്ലപ്പെട്ടത്. ഹരിയാന അതിർത്തിക്കടുത്ത് വച്ച് സ്വീറ്റിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിലേക്ക് വലിച്ചെറിയുകായിരുന്നു. പ്രദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും അതിനാലാണ് കുറ്റം ചെയ്യുന്നതിനും മൃതദേഹം ഉപേക്ഷിക്കുന്നതിനും വനപ്രദേശം തെരഞ്ഞെടുത്തതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

യുവതി പലപ്പോഴും വീട് വിട്ട് പോയിരുന്നു എന്നും ഈ പെരുമാറ്റത്തിൽ ധരംവീർ തൃപ്തനല്ലായിരുന്നു എന്നും അരുൺ പറഞ്ഞു. 70,000 രൂപ നൽകിയാണ് കൊല്ലപ്പെട്ട സ്ത്രീയെ ധരംവീർ വിവാഹം കഴിച്ചത്. ഇരയുടെ മാതാപിതാക്കളെക്കുറിച്ചോ കുടുംബ പശ്ചാത്തലത്തെക്കുറിച്ചോ ആർക്കും അറിയില്ലെന്നും അരുൺ വെളിപ്പെടുത്തിയാതായി ഡിസിപി പറഞ്ഞു. സ്വീറ്റി ഒരിക്കലും മാതാപിതാക്കളെക്കുറിച്ചോ കുടുംബാംഗങ്ങളെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്ന് പ്രതി പറഞ്ഞു. ബീഹാറിലെ പട്‌ന സ്വദേശിയാണെന്ന് മാത്രമാണ് യുവതി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഐപിസി 302, 201, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഫത്തേപൂർ ബെരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ പിടിച്ചെടുത്തിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി അറിയിച്ചു. റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിടാനെന്ന വ്യാജേന പ്രതികൾ യുവതിയെ കൂട്ടിക്കൊണ്ടുപോയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഭർത്താവിന്റെ വീട് വിട്ട് യുവതി എവിടേക്കാണ് പോയിരുന്നതെന്നും വ്യക്തമല്ല, ഈ വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.