29
Aug 2023
Sun
29 Aug 2023 Sun

പൂവിളികളുമായി അത്തം പിറന്നു, പത്താം നാള്‍ ഓണം; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ഞക്കര്‍ക്കിടകം പിന്നിട്ട് സമൃദ്ധിയുടെ, ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. അത്തം, ചിത്തിര, ചോതി… പത്താം നാള്‍ തിരുവോണം, മലയാളികള്‍ ഇന്നുമുതല്‍ നാളെണ്ണിത്തുടങ്ങും. ഒരുങ്ങിത്തീരാതെ ഓണമെത്തരുതെന്നാവും എല്ലാവരുടെയും പ്രാര്‍ഥന. കര്‍ക്കടകം തൊട്ടേ കാത്തിരിക്കുന്ന ഓണം, പഞ്ഞമാസത്തിലെ പ്രയാസത്തില്‍ നിന്നാണ് ചിങ്ങത്തിലെ ഓണസമൃദ്ധി മലയാളികള്‍ സ്വപ്‌നം കാണുന്നത്. കര്‍ക്കടകം കരിമ്പടം മാറ്റുമ്പോള്‍ പുതുവെളിച്ചമായി ചിങ്ങമെത്തും. പൂക്കള്‍ നിറഞ്ഞ പുല്‍മേടുകള്‍, കതിരണിഞ്ഞ പാടങ്ങള്‍… ഇപ്പോള്‍ എല്ലാം യാഥാര്‍ഥ്യത്തില്‍നിന്ന് അകലെയാണെങ്കിലും ഓണഓര്‍മകളില്‍ തളിരിട്ടു നില്‍ക്കുന്നുണ്ട്. ഈ ഓര്‍മകളും കൈമാറ്റപ്പെടുന്ന കഥകളും ഒരളവോളം ഓണത്തെ ആഹ്ലാദകരമാക്കും.

അത്തം പിറന്നതോടെ ഇനി പൂക്കളങ്ങളും പൂവിളികളുമായി പത്തുനാള്‍. ആര്‍പ്പോ വിളികളും പൂക്കളങ്ങളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാന്‍ നാടൊരുങ്ങി. സംസ്ഥാനത്ത് ഓണവിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും.

രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ആണ് ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുക.

നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും നാടന്‍കലാരൂപങ്ങളും അണിനിരക്കുന്ന വര്‍ണശബളമായ ഘോഷയാത്രയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുക്കണക്കിന് കലാകാരന്മാരാണ് പങ്കെടുക്കുക. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തില്‍ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനില്‍ക്കുന്ന കലാവിരുന്നിനും തുടക്കമാകും.

ഓണാഘോഷത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണോത്സവത്തിന് അത്തംദിനമായ ഇന്ന് കൊടിയേറും. രാത്രി 8 മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന അനുജന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. അത്തംമുതല്‍ 10 ദിവസങ്ങളിലാണ് ഓണോത്സവം. തിരുവോണ ദിനത്തില്‍ പ്രസിദ്ധമായ തൃക്കാക്കര തിരുവോണസദ്യയും നടക്കും.

തൃപ്പൂണിത്തുറയില്‍ നടക്കുന്ന വര്‍ണശബളമായ ഘോഷയാത്രയോടെ മലയാളക്കരയുടെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും. അത്തച്ചമയ ഘോഷയാത്രയുടെ പതാക കൊച്ചി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം അനുജന്‍ തമ്പുരാനില്‍ നിന്ന് തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി.

അത്തപ്പുലരിയില്‍ പെയ്ത ചെറിയ ചാറ്റല്‍മഴ വാണിജ്യ മേഖലയില്‍ ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും പഴമൊഴിയില്‍ ഇതിന് ആശ്വാസംമുണ്ട്, ‘അത്തം കറുത്താല്‍ ചിങ്ങം വെളുക്കും’. ഓണത്തിനൊരു മൂലം വേണമെന്നാണ് പഴമൊഴി. എന്നാല്‍ മൂലംവരെ കാത്തിരിക്കാറില്ല. ഓണത്തിന് അത്തം മുതല്‍ത്തന്നെ ഒരുങ്ങും. അന്നു മുതല്‍ മുറ്റത്ത് പൂക്കളമിട്ട് സമൃദ്ധിയുടെയും സമത്വത്തിന്റെയും മാവേലിയെ ആനയിച്ചു തുടങ്ങും.