29
Aug 2023
Mon
29 Aug 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കഴിഞ്ഞദിവസം മന്ത്രി കെ. കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിരുന്നു. നിരക്ക് വര്‍ധന, ലോഡ് ഷെഡിങ് വേണോ വേണ്ടയോ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും. ഓണം, പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് എന്നിവ മുന്നിലുള്ളതിനാല്‍ കടുത്ത തീരുമാനങ്ങളുണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയടക്കം വേണ്ടി വന്നേക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഉന്നത തലയോഗത്തില്‍ ഇന്ന് നല്‍കുന്ന റിപ്പോര്‍ട്ടാകും പ്രധാനമായും ചര്‍ച്ച ചെയ്യുക. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പും പരിഗണിച്ച് തല്ക്കാലം കടുത്ത തീരുമാനം വരില്ലെന്നാണ് വ്യക്തമാകുന്നത്.

ഈ മാസം കാര്യമായ തോതില്‍ മഴ കിട്ടിയില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രിയുടെ പക്ഷം. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ട് പോകുന്നതെന്നടക്കം മന്ത്രി വിവരിച്ചിരുന്നു. പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടെന്നാണ് മന്ത്രി പറയുന്നത്.

മഴ കുറഞ്ഞതും പുറത്തു നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്നു വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് സംസ്ഥാനത്തിനു തിരിച്ചടിയായത്. നഷ്ടം നികത്താന്‍ സര്‍ ചാര്‍ജും പരിഗണനയിലുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഇന്നു ചേരുന്ന ഉന്നതതല യോഗം ചര്‍ച്ചചെയ്യും.