02
Aug 2023
Wed
02 Aug 2023 Wed

പാക് ജനത നമ്മളെ ശത്രുവായി കാണുന്നില്ല, കോണ്‍ഗ്രസിന് എക്കാലവും മൃദുഹിന്ദുത്വം; മണിശങ്കര്‍ അയ്യര്‍ സംസാരിക്കുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടുണ്ടായിരുന്നെന്ന് മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍. ആത്മകഥയായ ‘മെമ്മോയര്‍സ് ഓഫ് എ മാവ്‌റിക്’ പുറത്തിറങ്ങുന്നതിനുമുമ്പായി നല്‍കിയ അഭിമുഖത്തിലാണ് മണിശങ്കര്‍ അയ്യരുടെ തുറന്നുപറച്ചില്‍. മദന്‍മോഹന്‍ മാളവ്യ, പുരുഷോത്തം ദാസ് ഠണ്ഡന്‍ തുടങ്ങിയ നേതാക്കള്‍ മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരായിരുന്നില്ല. മതനിരപേക്ഷ നിലപാടില്‍നിന്ന് കോണ്‍ഗ്രസിനെ പൂര്‍ണമായും വ്യതിചലിപ്പിച്ചത് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവാണ്. ഇപ്പോഴും പാര്‍ടി പിന്തുടരുന്നത് മൃദുഹിന്ദുത്വ നിലപാടാണ്. സംഘപരിവാറിന്റെ ഹിന്ദുത്വത്തിനെതിരെ ആശയപരമായി കൃത്യമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. പൂര്‍ണമായ മതനിരപേക്ഷ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്– മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

‘നെഹ്‌റു കുടുംബവും പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അദ്ദേഹത്തിന്റെ സംഘവും കരുതുന്നത് എന്റെ കാലം കഴിഞ്ഞെന്നാണ്. അതുകൊണ്ടാണ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞത്. നെഹ്‌റു കുടുംബവും ഖാര്‍ഗെയും ജയ്‌റാം രമേശിനെപ്പോലുള്ള അദ്ദേഹത്തിന്റെ കൂട്ടാളികളും ചേര്‍ന്നാണ് ഒഴിവാക്കിയത്. തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കോണ്‍?ഗ്രസിനെ പല ഘട്ടത്തിലും തുറന്നുവിമര്‍ശിക്കുന്നതും ഒഴിവാക്കപ്പെടാന്‍ കാരണമായിട്ടുണ്ടാകാം.’ മണിശങ്കര്‍ അയ്യര്‍ തുറന്നടിച്ചു.

പുസ്തകപ്രകാശനത്തിന് എത്താമെന്ന് സോണിയ അറിയിച്ചിട്ടുണ്ട്. അതൊരു അംഗീകാരമാണ്. അംഗീകാരം ലഭിക്കുന്നില്ലെങ്കിലും കോണ്‍ഗ്രസ് വിടില്ല. എന്നാല്‍, കോണ്‍ഗ്രസ് തന്നെ ഉപേക്ഷിക്കുമോയെന്ന് പറയാനാകില്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.

അഭിമുഖത്തില്‍ പാകിസ്ഥാനുമായുള്ള ബന്ധത്തിലും പ്രമുഖ നയതന്ത്രജ്ഞന്‍കൂടിയായ അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചു. പാകിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി നിരന്തരം വാദിക്കുന്ന മണിശങ്കര്‍ അയ്യര്‍ പറയുന്നത് നമ്മുടെ പടിഞ്ഞാറന്‍ അയല്‍ക്കാരെ ഒരു ഭാരമായി കാണുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് ലോകത്തില്‍ അര്‍ഹിച്ച സ്ഥാനം നേടാന്‍ കഴിയില്ലെന്നാണ്. 1978 ഡിസംബര്‍ മുതല്‍ 1982 ജനുവരി വരെ കറാച്ചിയില്‍ ഇന്ത്യയുടെ കോണ്‍സല്‍ ജനറലായി സേവനമനുനുഷ്ഠിച്ചിരുന്നു അയ്യര്‍.

‘എല്ലാ തവണയും നമ്മള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, വിസ നിര്‍ത്തുന്നു, സിനിമകള്‍ നിര്‍ത്തുന്നു, ടിവി എക്‌സ്‌ചേഞ്ചുകള്‍ നിര്‍ത്തുന്നു, പുസ്തകങ്ങള്‍ നിര്‍ത്തുന്നു, യാത്രകള്‍ നിര്‍ത്തുന്നു. നമ്മുടെ നയതന്ത്ര സമീപനത്തിന്റെ അവിഭാജ്യ ഘടകമായി പാകിസ്ഥാനിലെ ജനങ്ങളുടെ നല്ല മനസ്സ് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് നമുക്ക് അറിയാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

‘പാകിസ്ഥാനിലെ ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത് അവിടെയുള്ള ആളുകളാണ്, അവര്‍ നമ്മളെ ശത്രുരാജ്യമായി കണക്കാക്കുന്നില്ല’ അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഒരു ദിവസം അത്താഴം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു, പോസ്റ്റിങ് ലഭിച്ച് ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍, എന്റെ ഭാര്യ സുനീത് എന്നോട് കറാച്ചിയില്‍ താമസിക്കുന്ന സമയത്ത് എന്റെ മനസ്സില്‍ അലയടിച്ച ഒരു ചോദ്യം ചോദിച്ചു ‘ഇതൊരു ശത്രു രാജ്യമാണ്, ശരിയല്ലേ?’

പാകിസ്ഥാനില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള 40 വര്‍ഷവും അവിടെയുള്ള തന്റെ മൂന്ന് വര്‍ഷവും താന്‍ ഈ ചോദ്യം സ്വയം ചോദിച്ചതായി അയ്യര്‍ പറഞ്ഞു. ‘സൈനിക വിഭാഗങ്ങളുടെയോ രാഷ്ട്രീയ വിഭാഗങ്ങളുടെയോ വീക്ഷണം എന്തുമാകട്ടെ, പാകിസ്ഥാനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ ഒരു ശത്രു രാജ്യമല്ല അല്ലെങ്കില്‍ അവര്‍ ഇന്ത്യയെ ശത്രുരാജ്യമായി കാണുന്നില്ല എന്ന നിഗമനത്തില്‍ ഞാന്‍ എത്തിയിരിക്കുന്നു.’ അദ്ദേഹം പിടിഐയോട് പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കറാച്ചിയില്‍ നയതന്ത്ര പദവി വഹിച്ചിരുന്ന കാലത്ത് മൂന്ന് ലക്ഷം വിസകള്‍ അനുവദിച്ചിട്ടുണ്ടെന്നും ദുരുപയോഗം ചെയ്തതായി ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്നും അയ്യര്‍ പറഞ്ഞു. ‘പിന്നെ എന്തിനാണ് നമ്മള്‍ പാകിസ്ഥാനി ജനങ്ങളെ ലക്ഷ്യമിടുന്നത്? നിങ്ങള്‍ക്ക് വേണമെങ്കില്‍ പാകിസ്ഥാന്‍ ഭരണകൂടത്തെ ലക്ഷ്യമിടാം, എന്നാല്‍ ആളുകളെ സംബന്ധിച്ചിടത്തോളം അവരാണ് നമ്മുടെ ഏറ്റവും വലിയ സ്വത്ത്, നമ്മള്‍ അവരുമായി ഇടപഴകേണ്ടതുണ്ടെന്നും 1989ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്) ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.