22
Aug 2023
Sun
22 Aug 2023 Sun

റിയാദ്: യു എ ഇ കേന്ദ്രീകരിച്ചു സ്ഥാപിതമായ ഗ്രാന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല സൗദി അറേബ്യയുടെ മണ്ണിലേക്കും കാലെടുത്തു വയ്ക്കുന്നു. ഗ്രാന്റിന്റെ സൗദിയിലെ ആദ്യ മാള്‍ ആഗസ്റ്റ് 30നു വൈകിട്ട് 4.30നു റിയാദിലെ അല്‍ മന്‍സൂറയിലുള്ള അല്‍ ഹംറ പ്ലാസയില്‍ തുറക്കും. സൗദി റീട്ടെയില്‍ മാര്‍ക്കറ്റിലേക്കുള്ള മുന്നേറ്റത്തിന് 300 മില്യന്‍ സൗദി റിയാലിന്റെ ഊര്‍ജസ്വല പദ്ധതികളുമായാണ് ഗ്രാന്റിന്റെ രംഗപ്രവേശം. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വെന്നിക്കൊടി പാറിച്ച ഗ്രാന്റിന്റെ അതി വേഗ പ്രയാണത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറും റിയാദ് വോക്കോ ഹോട്ടലില്‍ നടക്കുന്ന ഗംഭീരമായ ബ്രാന്റ് ലോഞ്ചിങ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യു എ ഇ യിലെ വന്‍ വിജയത്തിന്റെ കരുത്തുമായി കടന്നു ചെന്ന് കുവൈറ്റിലും തുടര്‍ന്ന് ഖത്തറിലും ഒമാനിലും ചില്ലറ വില്‍പന രംഗത്ത് ചരിത്രം സൃഷ്ടിക്കാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സാധിച്ച വ്യാപാര വിപ്ലവം ഇതോടെ സൗദിയുടെ വിശാലമായ ലോകത്തേക്ക് കൂടി വ്യാപിക്കുകയാണ്. കുവൈറ്റിലെ ഒന്നാം നമ്പര്‍ റീട്ടെയില്‍ വ്യാപാര സംരംഭമായി മാറിക്കഴിഞ്ഞ ഗ്രാന്റ് ഇന്ന് യു എ ഇയില്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി മേഖലകളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ആര്‍ക്കും മത്സരിക്കാന്‍ കഴിയാത്ത വിധമുള്ള വിലക്കുറവില്‍ വിശ്വോത്തര ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഗ്രാന്റ് ഖത്തറിലും മുന്‍പന്തിയില്‍ തന്നെയാണ്. ഒമാനില്‍ ആകട്ടെ എല്ലാ വിഭാഗം കസ്റ്റമേഴ്‌സിനും പ്രിയപ്പെട്ട ഹൗസ് ഹോള്‍ഡ് നാമം ആയി ഗ്രാന്റ് മാറിക്കഴിഞ്ഞു.

ഉദ്ഘാടന ചടങ്ങിന്റെ പ്രഖ്യാപനവേളയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു ഗ്രാന്റ് ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ധീന്‍ വ്യവസായ വാണിജ്യ സംരംഭങ്ങള്‍ക്ക് സൗദി ഭരണകൂടം നല്‍കുന്ന അകമഴിഞ്ഞ പിന്തുണയെ പ്രശംസിക്കുകയും അതിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ആഗോള സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന സൗദി ഭരണകൂടത്തിന്റെ സംഭാവനകള്‍ അദ്ദേഹം അഭിമാനപൂര്‍വം അനുസ്മരിക്കുകയും ചെയ്തു.

‘ ഹിസ് ഹൈനസ്സ് ബിസിനസ്സ് സമൂഹത്തിന് നല്‍കുന്ന സൗകര്യങ്ങളും സേവനങ്ങളും ഓരോ ഗവണ്മെന്റ് ഡിപാര്‍ട്‌മെന്റുകളും നല്‍കുന്ന മികച്ച പ്രോത്സാഹനങ്ങളും സൗദിയെ ആഗോള ബിസിനസ് ഹബ് ആക്കി മാറ്റിയതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചിട്ടുള്ളത്. അതിനാല്‍ തന്നെയാണ് ഈ മഹത്തായ മുന്നേറ്റത്തിലേക്ക് വലിയ തോതില്‍ തന്നെ പങ്കാളിയാവാന്‍ ഗ്രാന്റ് ഗ്രുപ്പും തയ്യാറായത്. വരാനിരിക്കുന്ന കാലത്തു ലോകനിലവാരത്തിലുള്ള സേവനങ്ങള്‍ സൗദിയിലെ നാട്ടുകാരും മറുനാട്ടുകാരും ആയ ജനങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ദീന്‍ പറഞ്ഞു.

റിയാദ് അല്‍ മന്‍സൂറയില്‍ തുറക്കുന്നത് ഗ്രാന്റിന്റെ 93ആം ഔട്ട്‌ലെറ്റ് ആണ്. ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസൃതമായി ഉന്നത നിലവാരത്തില്‍ രൂപപ്പെടുത്തിയ ഗ്രോസറി ഐറ്റംസിന്റെയും ഫാം ഫ്രഷ് പച്ചക്കറി, പഴവര്‍ ഗങ്ങളുടെയും രുചിയേറും ഫ്രഷ് ബേക്കറി വിഭവങ്ങളുടെയും വീട്ടുപകരണ, ഫാഷന്‍ ആന്റ് ലൈഫ് സ്‌റ്റൈല്‍ വസ്തുക്കളുടെയും ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് എന്നിവയുടെയും കിടയറ്റ സാന്നിധ്യത്തിന് പുറമെ ഭക്ഷ്യ വസ്തുക്കള്‍ ചൂടോടെ ലഭിക്കുകയും ചെയ്യും. ഗള്‍ഫിലെ ആഗോള സമൂഹങ്ങള്‍ക്ക് അനുയോജ്യമായ നിലവാരത്തില്‍ അവരുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ചു ഉണ്ടാക്കിയ മാള്‍ എല്ലാ വിഭാഗത്തിലും രാജ്യങ്ങളിലും പെട്ട ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുമെന്നതില്‍ സംശയമില്ലെന്ന് ഗ്രാന്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് റിയാദ് വോക്കോ ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

യു എ ഇ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ ഞങ്ങളുടെ മാളുകളെ പോലെ ബ്രാന്റഡ്- നോണ്‍ ബ്രാന്റഡ് ഉല്‍പ്പന്നങ്ങളുടെ വന്‍ കലവറ സൗദി കസ്റ്റമേഴ്സിനെ തൃപ്തി പെടുത്തും വിധമാണ് റിയാദ് ഗ്രാന്റില്‍ സംവിധാനിച്ചിരിക്കുന്നത് എന്നും അന്‍വര്‍ അമീന്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നിലവാരത്തില്‍ യാതൊരു വിട്ടു വീഴ്ചയും ചെയ്യാത്ത റീറ്റൈല്‍ സംസ്‌കാരമാണ് ഗ്രാന്റ് കാഴ്ച്ച വെക്കുന്നത്.

300 മില്യണ്‍ സൗദി റിയാല്‍ മുതല്‍ മുടക്കി അടുത്ത 28 മാസങ്ങള്‍ക്കകം സൗദിയുടെ വിവിധ ഭാഗങ്ങളിലായി 15 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കുക വഴി സൗദിയുടെ വ്യാപാര വളര്‍ച്ചയിലും ഉദാരവല്‍ക്കരണ പ്രക്രിയയിലും ക്രിയാത്മക പങ്ക് വഹിക്കാനാണ് ഗ്രാന്റ് പദ്ധതി എന്നും അമീന്‍ വ്യക്തമാക്കി. ഹിസ് ഹൈനസിന്റെ വിഷന്‍ 2030 നോട് ചേര്‍ന്നു നിന്നുകൊണ്ട് സൗദി വത്കരണത്തിനു ഊന്നല്‍ നല്‍കാനായി 10,00 സൗദി പൗരന്മാരും ഗ്രാന്റില്‍ ജീവനക്കാരായി ഉണ്ടാകും.

അന്‍വര്‍ അമീന്‍ കൂട്ടിച്ചേര്‍ത്തു. മാറി വരുന്ന റീട്ടെയില്‍ സംസ്‌കാരത്തിന് അനുയോജ്യമാം വിധം രാപ്പകല്‍ കഠിന പ്രയത്‌നം നടത്തിയാണ് തങ്ങള്‍ ഇങ്ങനെയുള്ള വ്യാപാര വിജയം സമര്‍ജിച്ചതെന്നു ഗ്രാന്റ് ഹൈപര്‍ സൗദി റീറ്റൈല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ തഹസീര്‍ അലി, ജനറല്‍ മാനേജര്‍ മുഹമ്മദ് ആതിഫ് റഷീദ്, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ സനിന്‍ വാസിം തുടങ്ങിയവര്‍ അറിയിച്ചു. ഗ്രാന്റില്‍ പര്‍ച്ചേസ് നടത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളാവുന്നവര്‍ക്ക് 10,000 റിയാലിന്റെ സമ്മാനങ്ങള്‍ ആണ് നല്‍കുന്നതെന്നെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാന്റ് ഡയറക്ടര്‍മാരായ എം കെ അബൂബക്കര്‍, അയ്യൂബ് കേച്ചേരി എന്നിവരും സംബന്ധിച്ചു.