01
Aug 2023
Tue
01 Aug 2023 Tue

മംഗളുരു: പരസ്ത്രീബന്ധവും ദുര്‍നടപ്പും ചോദ്യംചെയ്ത മാതാപിതാക്കളെ മകന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബിസിലഹള്ളി സ്വദേശിയായ നഞ്ചുണ്ടപ്പ (55), ഭാര്യ ഉമ (48) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ 27 വയസുകാരനായ മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷം അകത്തുചെന്ന ദമ്പതികള്‍ ഏതാനും ദിവസം മുമ്പാണ് മരിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് മകനെ അറസ്റ്റ്‌ചെയ്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് അവശരായ മാതാപിതാക്കളെ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ സുഖം പ്രാപിക്കുകയും വീട്ടിലേക്ക് തിരിച്ചു വരികയും ചെയ്തു. എന്നാല്‍ പിന്നീട് ഇരുവരും പെട്ടെന്ന് മരണപ്പെടുകയായിരുന്നു.

മാതാപിതാക്കളുടെ മരണശേഷം ശവസംസ്‌കാരം പെട്ടെന്ന് നടത്താനായി മഞ്ജുനാഥ് തിടുക്കം കാണിച്ചത് മൂത്തമകനില്‍ സംശയമുണ്ടാക്കി. ഇതിനെ തുടര്‍ന്നാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. കീടനാശിനി ശരീരത്തില്‍ എത്തിയതാണ് മരണത്തിന് കാരണമെന്ന് തെളിഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ദമ്പതികളുടെ രണ്ടാമത്തെ മകനായ മഞ്ജുനാഥിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ അവിഹിത ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ക്കുകയും പണം ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഇരുവരെയും വകവരുത്തുകയാണുണ്ടായതെന്ന് ഇയാള്‍ മൊഴി നല്‍കി.