രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് ശേഷം ഗോധ്രയ്ക്കും തുടര്‍ന്നുള്ള കലാപത്തിനും സമാനമായ സാഹചര്യത്തിന് സാധ്യതയെന്ന് ഉദ്ധവ് താക്കറെ
|
മുംബൈ: അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച് അതേ സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രം ഉദ്ഘാടനത്തിനായി ഒത്തുകൂടുന്ന വന്‍ ജനക്കൂട്ടത്തിന്റെ മടക്കയാത്രയ്ക്കിടെ ഗോധ്രയ്ക്ക് സമാനമായ സംഭവം നടന്നേക്കാമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ജല്‍ഗാവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ കുറിച്ചുള്ള ഉദ്ധവ് താക്കറെയുടെ ആരോപണം.
2002 ഫെബ്രുവരി 27 ന് ഗുജറാത്തിലെ ഗോധ്ര സ്‌റ്റേഷനില്‍ വെച്ച് അയോധ്യയില്‍ നിന്ന് സബര്‍മതി എക്‌സ്പ്രസില്‍ മടങ്ങുകയായിരുന്ന ‘കര്‍സേവകര്‍’ ആക്രമിക്കപ്പെടുകയും അവരുടെ ട്രെയിന്‍ കോച്ച് കത്തിക്കുകയും ചെയ്തു. ഇത് സംസ്ഥാനത്തുടനീളം വര്‍ഗീയ കലാപങ്ങള്‍ സൃഷിടിച്ചു. അതുപോലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് രാജ്യത്തുടനീളമുള്ള വിശ്വാസികളെ സര്‍ക്കാര്‍ ക്ഷണിക്കാന്‍ സാധ്യതയുണ്ട്, അവരുടെ മടക്കയാത്രയില്‍ ഗോധ്രയില്‍ സംഭവിച്ചതിന് സമാനമായ സംഭവം ഉണ്ടായേക്കാം- ഉദ്ധവ് താക്കറെ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 2024 ജനുവരിയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വന്തമായി നേട്ടങ്ങളൊന്നുമില്ലെന്ന് പറഞ്ഞ താക്കറെ, ബിജെപിയും ആര്‍എസ്എസ്സും ഇപ്പോള്‍ തന്റെ പിതാവ് ബാല്‍ താക്കറെയുടെ പാരമ്പര്യത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.





