30
Sep 2023
Tue
30 Sep 2023 Tue

ചെന്നൈ: ദലിത് യുവതി പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് വിദ്യാർഥികൾ. തമിഴ്നാട്ടിലെ ഉസിലെപെട്ടിയിലുള്ള പഞ്ചായത്ത് പ്രൈമറി സ്കൂളിലാണ് സംഭവം. സംഭവമറിഞ്ഞ് സ്കൂളിലെത്തിയ ഡിഎംകെ കനിമൊഴി എംപിയടക്കമുള്ളവർ യുവതിയുണ്ടാക്കിയ ഭക്ഷണം ഇതേ വിദ്യാർഥികൾക്കൊപ്പമിരുന്ന് കഴിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കൊണ്ടുവന്ന സൗജന്യ പ്രഭാതഭക്ഷണ പരിപാടിക്ക് സ്കൂളിൽ പാചക്കാരിയായി നിയോഗിച്ചിരുന്നത് ദലിത് യുവതിയായ മുനിയസെൽവിയെ ആയിരുന്നു. അരിയും മറ്റ് ഭക്ഷണങ്ങളും ചെലവാകാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് താനുണ്ടാക്കുന്ന ഭക്ഷണം വിദ്യാർഥികൾ കഴിക്കാൻ വിസമ്മതിക്കുന്നുവെന്ന് മുനിയസെൽവി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് പറയുന്നത്.

താൻ ദലിത് വിഭാഗത്തിൽപ്പെട്ടയാളായതിനാൽ കുട്ടികളോട് ഭക്ഷണം കഴിക്കരുതെന്ന് മാതാപിതാക്കൾ നിർദേശിച്ചിട്ടുണ്ടെന്നും താനുണ്ടാക്കിയ ഭക്ഷണം കഴിച്ചാൽ ഗ്രാമത്തിൽ നിന്ന് ഭ്രഷ്ട് കൽപിക്കപ്പെട്ടേക്കാമെന്ന് കുട്ടികൾക്ക് മാതാപിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ വേദനിപ്പിക്കുന്നതാണെന്നും യുവതി പറഞ്ഞു.

11 കുട്ടികൾക്കാണ് സ്കൂളിൽ പ്രഭാതഭക്ഷണം നൽകാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിൽ ഒമ്പതോളം വിദ്യാർഥികൾ ഭക്ഷണം നിരസിച്ചതായാണ് റിപ്പോർട്ട്. വിവരം പുറത്തുവന്നതിന് പിന്നാലെ കനിമൊഴി എംപി, സാമൂഹിക ക്ഷേമ, വനിതാവകാശ മന്ത്രി പി ഗീതാ ജീവൻ, ജില്ലാ കലക്ടർ കെ സെന്തിൽരാജ് തുടങ്ങിയവർ സ്കൂളിലെത്തി വിദ്യാർഥികളുമായും മാതാപിതാക്കളുമായി സംസാരിച്ചിരുന്നു.

തുടർന്ന് വിദ്യാർഥികൾക്കൊപ്പം സ്കൂളിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് സംഘം മടങ്ങിയത്. ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട് കാരൂരിലെ സ്കൂളിലും ദലിത് യുവതിയുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ വിദ്യാർഥികൾ വിസമ്മതിച്ചിരുന്നു. ജില്ലാ കലക്ടർ മാതാപിതാക്കളുമായി സംസാരിക്കുകയും എസ്.സി/എസ്.ടി വിഭാ​ഗങ്ങൾക്കെതതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതോടെയാണ് പ്രശ്നപരിഹാരമുണ്ടായത്.