02
Sep 2023
Sun
02 Sep 2023 Sun

ഗണേശ ചതുര്‍ഥി ആഘോഷം മറ്റന്നാള്‍; ഹുബ്ബള്ളിയിലെ ഈദ് ഗാഹ് മൈതാനത്തും ആഘോഷിക്കാന്‍ അനുമതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരു: സംഘ്പരിവാരം അവകാശവാദമുന്നയിക്കുന്ന കര്‍ണാടകയിലുള്ള ഹുബ്ബള്ളിയിലെ ഈദ് ഗാഹ് മൈതാനത്തും ഗണേശ ചതുര്‍ഥി ആഘോഷിക്കാന്‍ അനുമതി. മറ്റന്നാളാണ് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍. ഇതിനിടെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച രാത്രി വൈകിയാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ധാര്‍വാഡ് ഹുബ്ബള്ളി സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഈശ്വര്‍ ഉള്ളഗഡ്ഡി കൈമാറിയത്. ബി.ജെ.പി എംഎല്‍എമാരായ അരവിന്ദ് ബെല്ലാഡിന്റെയും മഹേഷ് തെങ്ങിന്‍കായിയുടെയും നേതൃത്വത്തില്‍ ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് നടപടി.

ഹൈക്കോടതി വിധി വന്നിട്ടും അനുമതി പത്രം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുകയായിരുന്നു.പോലീസ് കമ്മീഷണര്‍ ഉമാ സുകുമാരനും അഡീഷണല്‍ പോലീസ് സേനയും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷമാണ് റോഡ് ഉപരോധം നീക്കിയത്.

ഈദ്ഗാഹ് മൈതാന പരിസരത്ത് ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നതിനും എതിരായ ഹരജി വെള്ളിയാഴ്ച കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ച് തള്ളിയിരുന്നു. വിവാദ സ്ഥലത്ത് ഗണേശോത്സവം ആഘോഷിക്കാന്‍ അനുമതി നല്‍കിയ ഹുബ്ബള്ളി ധാര്‍വാഡ് സിറ്റി കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ അന്‍ജുമാനെ ഇസ്ലാം സംഘടനയാണ് ഹരജി സമര്‍പ്പിച്ചത്.

1994ല്‍ ബിജെപി നേതാവ് ഉമാഭാരതി സ്വാതന്ത്ര്യദിനത്തില്‍ മൈതാനത്ത് ഇന്ത്യന്‍ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു.വര്‍ഗീയ സംഘര്‍ഷം ഭയന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഉമാഭാരതിയെ തടയുകയും മറ്റ് ചിലരെ പട്ടണത്തില്‍ ബലമായി പ്രവേശിച്ച ശേഷം അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവത്തില്‍ പോലീസ് വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം കര്‍ണാടകയില്‍ പ്രകോപനങ്ങള്‍ക്ക് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കെയാണ് ഹുബ്ബള്ളിയിലെ ഈദ് ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത് സംഘര്‍ഷത്തിവന് കാരണമാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.