ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കാനുണ്ടോ? രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഉവൈസി
|
ഹൈദരാബാദ്: അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. വയനാട്ടല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ. വലിയ പ്രസ്താവന നടത്തുന്നതിനു പകരം നാട്ടിലിറങ്ങൂ- ഉവൈസി ആവശ്യപ്പെട്ടു.
ഉവൈസിയുടെ വാക്കുകള്‍ ഇങ്ങനെ: ”വയനാടിനു പകരം ഹൈദരാബാദില്‍ മത്സരിക്കാന്‍ നിങ്ങളുടെ നേതാവിനെ ഞാന്‍ വെല്ലുവിളിക്കുകയാണ്. സ്ഥിരം വലിയ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് താങ്കള്‍. കോണ്‍ഗ്രസിലുള്ളവര്‍ പലതും പറയും. പക്ഷെ, ഞാന്‍ ഒരുക്കമാണ്. ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്, ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവെ ഉവൈസി പറഞ്ഞു.
അടുത്തിടെ തെലങ്കാനയിലെ തുക്കുഗുഡയില്‍ നടന്ന പരിപാടിയില്‍ ഉവൈസിക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയിരുന്നത്. ബി.ജെ.പിയും ബി.ആര്‍.എസ്സും മജ്‌ലിസും ഒറ്റക്കെട്ടായാണ് തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും അസദുദ്ദീന്‍ ഉവൈസിക്കുമെതിരെ ഇ.ഡിയും സി.ബി.ഐയും വരാത്തത് പ്രധാനമന്ത്രി മോദി അവരെ സ്വന്തക്കാരായി കരുതുന്നതുകൊണ്ടാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. തെലങ്കാനയില്‍ ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്.





