29
Oct 2023
Sat
29 Oct 2023 Sat

ദലിത് യുവതികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പൊലീസ് ജാതിയധിക്ഷേപം നടത്തുകയും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കർണാടക ഉഡുപ്പി ജില്ലയിലെ കൊട പൊലീസ് സ്റ്റേഷനിലാണ് സംഭവം. ബ്രഹ്മാവർ സലിഗ്രാമ സ്വദേശി ജി ആശ (38), കെ സുജാത (40) എന്നിവരാണ് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. ആശ അജ്ജർകാട്ടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലി ചെയ്ത വീടിന്റെ ഉടമ സ്വർണാഭരണം കാണാതായെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് പൊലീസ് മോശമായി പെരുമാറിയത്. എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: നൂജി ഗ്രാമത്തിലെ കിരൺ കുമാർ ഷെട്ടിയുടെ വീട്ടിൽ ഈ മാസം രണ്ടിന് രണ്ടു പേരും ജോലി ചെയ്തിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ സ്വന്തം വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.

അന്ന് വൈകുന്നേരം ആറരയോടെ കൊട സബ് ഇൻസ്പെക്ടർ സുധർ പ്രഭു ആശയുടെ മൊബൈൽ ഫോണിൽ വിളിച്ച് ഉടൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. സ്വർണവള നഷ്ടപ്പെട്ടതായി വീട്ടുടമ പരാതി നൽകിയതായും അറിയിച്ചു. സ്റ്റേഷനിൽ ചെന്നപ്പോൾ എസ്ഐ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് സംസാരിക്കുകയും പിസ്റ്റൾ നെറ്റിയിലേക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുടിക്കാൻ വെള്ളം നൽകുകയോ ശുചിമുറിയിൽ പോവാൻ അനുവദിക്കുകയോ ചെയ്തില്ല. മണിക്കൂറുകൾ കഴിഞ്ഞാണ് വീട്ടിൽ പോവാൻ അനുവദിച്ചത്. എസ്ഐ ആവശ്യപ്പെട്ടതനുസരിച്ച് പിറ്റേന്ന് രാവിലെ 10.30ന് വീണ്ടും പൊലീസ് സ്റ്റേഷനിൽ ഹാജരായി. സുജാതയും എത്തിയിരുന്നു.

എസ്ഐയെ കൂടാതെ വീട്ടുടമ കിരൺ കുമാർ ഷെട്ടി, വനിത കോൺസ്റ്റബിൾ രേവതി എന്നിവർ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. വയറ്റത്ത് ഇടിയേറ്റ് വീണുപോയ ആശയുടെ ചുമലിൽ എല്ലാവരും ചേർന്ന് ചവിട്ടി. നിലത്ത് വീണ് ബോധം പോയ ആശയെ വൈകുന്നേരം 7.45നാണ് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുപോവാൻ അനുവദിച്ചത്. സുജാതയെ പുറത്തേക്ക് കൊണ്ടുപോവുന്നതിനിടെ ഷെട്ടി അവരുടെ മുഖത്ത് അടിച്ചെന്നും പരാതിയിൽ പറയുന്നു.