ജിദ്ദ: ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ വിപുലമായ നേതൃത്വത്തെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമാണ് കഴിഞ്ഞ ദിവസം ജിദ്ദയിൽ ചേർന്ന കെ എം സി സി കൗൺസിലർമാരുടെ യോഗത്തിൽ സമവായത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പങ്കെടുത്ത മുഴുവൻ കൗൺസിലർമാരും പ്രഖ്യാപനത്തെ അംഗീകരിച്ചു. അബൂബക്കർ അരിബ്ര (പ്രസിഡന്റ്), വി.പി. മുസ്തഫ (ജനറൽ സെക്രട്ടറി), വി പി അബ്ദുറഹ്മാൻ (ട്രഷറർ), ഇസ്മായിൽ മുണ്ടക്കുളം (അഡ്‌വൈസറി ചെയർമാൻ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. മൂന്ന് വർഷമാണ് കമ്മിറ്റിയുടെ കാലാവധി.
|
അഹമ്മദ് പാളയാടിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന കൗൺസിൽ യോഗം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ.സലാം ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദയിലെ മെമ്പർഷിപ്പ് കാമ്പയിനിൽ അംഗത്വമെടുത്ത ഇരുപതിനായിരത്തോളം വരുന്ന ആക്ടീവ് മെമ്പർമാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 350 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി നിയോഗിച്ച റിട്ടേണിങ് ഓഫിസർ റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പി.മുസ്തഫയും നിരീക്ഷകനും മക്ക കെ.എം.സി.സി പ്രസിഡൻറുമായ കുഞ്ഞിമോൻ കാക്കിയ, മുജീബ് ഉപ്പട എന്നിവർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
സികെ റസാക്ക് മാസ്റ്റർ, എ കെ മുഹമ്മദ് ബാവ, ഹസൻ ബത്തേരി, ലത്തീഫ് മുസ്ല്യാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, അഷ്റഫ് താഴെക്കോട് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ സെക്രട്ടറിമാരായി ഇഎസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ഷിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സുബൈർ വട്ടോളി, സക്കീർ മണ്ണാർക്കാട്, സിറാജ് കണ്ണവം എന്നിവരെ തിരഞ്ഞെടുത്തു
രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ സേവന മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ജിദ്ദ കെ.എം.സി.സിക്ക് കീഴിൽ ഇപ്പോൾ 61 ഏരിയ കമ്മിറ്റികളും ഇരുനൂറോളം പഞ്ചായത്ത് കമ്മിറ്റികളും നിരവധി മണ്ഡലം ജില്ല കമ്മിറ്റികളും വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഒട്ടേറെ ഉപസമിതികളുമുണ്ട്. കഴിഞ്ഞ ആഴ്ച ചേർന്ന മുൻ കമ്മിറ്റിയുടെ സമാപന കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത് 12 കോടി രൂപയുടെ പ്രവർത്തന റിപ്പോർട്ടായിരുന്നു


