കോട്ടയം: ഈരാറ്റുപേട്ടയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ദക്ഷിണ കേരളാ ലജ്നത്തുൽ മുഅല്ലിമീന്റെയും സംയുക്ത മഹല്ല് ജമാഅത്തിന്റേയും നേതൃത്വത്തിൽ നടന്ന റാലിക്കെതിരെയാണ് പൊലീസ് നടപടി.
|
പുത്തൻ പള്ളി ചീഫ് ഇമാം കെ എ മുഹമ്മദ് നദീർ മൗലവി, നൈനാർ പള്ളി പ്രസിഡന്റ് മുഹമ്മദ് സക്കീർ, മുനിസിപാലിറ്റി വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, മുഹ്‌യുദ്ദീൻ പള്ളി ഇമാം സുബൈർ മൗലവി, അയൂബ് ഖാൻ ഖാസിം എന്നിവരടക്കം കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയാണ് കേസ്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പള്ളി ഇമാമുമാരും മഹല്ല് ഭാരവാഹികളും വിവിധ മുസ്‌ലിം സംഘടനാ പ്രതിനിധികളും പൊതുജനങ്ങളുമടക്കം നൂറുകണക്കിനാളുകൾ അണിനിരന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി നടന്നത്. തുടർന്ന് പൊതുയോഗവും സംഘടിപ്പിച്ചിരുന്നു.
അതേസമയം, പൊലീസ് നടപടിക്കതിരെ പ്രതിഷേധം ശക്തമാണ്. യാത്രക്കാർക്കും വാഹനങ്ങൾക്കും സുഗമമായ യാത്രാ സൗകര്യമൊരുക്കി സമാധാനപരമായി നടന്ന റാലിക്കെതിരായ കേസ് ഈരാറ്റുപേട്ടയ്‌ക്കെതിരെ പൊലീസിലെ ഒരു വിഭാഗത്തിനുള്ളിൽ നിലനിൽക്കുന്ന വിദ്വേഷ നിലപാടിന്റെ ഭാഗമാണെന്ന് നാട്ടുകാർ പറയുന്നു.
പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ നിയമപരമായി മുന്നോട്ടുപോവുമെന്നും കോർപറേഷൻ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് പറഞ്ഞു. ഈരാറ്റുപേട്ടയ്‌ക്കെതിരെ മോശവും വിദ്വേഷവും നിറഞ്ഞ പരാമർശം നടത്തി റിപ്പോർട്ട് നൽകിയതിൽ പ്രതിഷേധം നിലനിൽക്കെയാണ് ഇപ്പോൾ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരായ കേസ്. പൊലീസ് നീക്കത്തിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈരാറ്റുപേട്ട പൊലീസ് ആർഎസ്എസിന്റെ ബി ടീമായി പ്രവർത്തിക്കുകയാണെന്നും മുസ്‌ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രതികരിച്ചു. ഒരു നാടിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇതിനെതിരെ പാർട്ടി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികൾ അറിയിച്ചു. നടപടിക്കെതിരെ മറ്റു സംഘടനകളും ദക്ഷിണകേരളാ ലജ്നത്തുൽ മുഅല്ലിമീനും പ്രതിഷേധവുമായി രംഗത്തെത്തി.





