ഭോപാൽ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട സ്ഥാനാർഥി പട്ടികയെ ചൊല്ലി ബിജെപിയിൽ തർക്കം. നോർത്ത് സെൻട്രൽ സീറ്റിലേക്കുള്ള സ്ഥാനാർഥിത്വത്തെ ചൊല്ലി ജബൽപൂരിലെ ബിജെപി ഡിവിഷണൽ ഓഫിസിലാണ് സംഘർഷമുണ്ടായത്. താഴെ തട്ടിലുള്ള നേതാക്കളെ അവഗണിച്ചതിലായിരുന്നു പ്രതിഷേധം.
|
തർക്കത്തിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനും സുരക്ഷാ ഭടൻമാർക്കും മർദനമേറ്റു. കേന്ദ്രമന്ത്രിയെ വളഞ്ഞ് തള്ളിയിട്ട് മർദിക്കുകയായിരുന്നു. ബിജെപി ഓഫിസ് വളഞ്ഞ പ്രവർത്തകർ അകത്തുകയറി സംഘർഷമുണ്ടാക്കുകയായിരുന്നു. യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ അഭിലാഷ് പാണ്ഡെയെ സ്ഥാനാർഥിയാക്കിയതിലായിരുന്നു പ്രതിഷേധം.
96 സ്ഥാനാർഥികളുടെ പട്ടികയാണ് കഴിഞ്ഞദിവസം ബിജെപി പുറത്തുവിട്ടത്. പ്രവർത്തകർ സംസ്ഥാന അധ്യക്ഷൻ ബി ഡി ശർമയുടെ രാജിയാവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധം മർദനത്തിൽ കലാശിച്ചതോടെ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് പ്രവർത്തകരെ നീക്കം ചെയ്തത്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി അധികൃതർ വ്യക്തമാക്കി. 230ൽ 228 സീറ്റുകളിലേക്കും ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഗുണ, വിദിഷ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





