18
Oct 2023
Tue
18 Oct 2023 Tue

ജറുസലേം: ​ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ ജറുസലേമിലെ അൽ അഖ്സ മസ്ജിദിൽ മുസ്‌ലിംകൾക്ക് വിലക്കുമായി ഇസ്രായേലി പൊലീസ്. മാസങ്ങൾക്ക് ശേഷം ആദ്യമായി ഇസ്രായേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്‌ലിം വിശ്വാസികളെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തതായി വിശുദ്ധ സ്ഥലത്തിന്റെ ചുമതലയുള്ള ഇസ്‌ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്‌ലിംകളെ തടഞ്ഞ ഇസ്രായേൽ പൊലീസ് ജൂതരെ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവദിച്ചു. മുസ്‌ലിംകൾക്ക് മാത്രം ആരാധന നടത്താൻ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകർ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങൾ നടത്തുകയും ചെയ്തതായി ഫലസ്തീൻ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, ഗസ്സയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. 24 മണിക്കൂറിനിടെ 704 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയി. 16,297 പേർക്കാണ് പരിക്കേറ്റത്.

ഗസ്സ സിറ്റിയിലെ അൽവഫ ആശുപത്രി കവാടത്തിലും പരിസരത്തിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണം. രോഗികളെ ഒഴിപ്പിക്കാനാവില്ലെന്നും കൂടുതൽ പേരും കോമയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.