ഗസ്സ: ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയിലെ ഐസിയുവില്‍ കഴിയുന്ന 22 രോഗികള്‍ മരിച്ചു. മൂന്ന് ദിവസത്തിനിടെ 55 പേര് മരിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സൈന്യം ആശുപത്രിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം 7,000 പേര് കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
|
അല്‍ ഷിഫ ആശുപത്രിയില്‍ നിന്ന് ഇസ്രായേല്‍ മൃതദേഹങ്ങളും കടത്തി. 18 മൃതദേഹങ്ങളാണ് ഇസ്രായേല്‍ സേന അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തിയത്. ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 12,000 കവിഞ്ഞതായി ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ അയ്യായിരത്തിലധികവും കുട്ടികളാണ്. അതേസമയം, വെസ്റ്റ് ബാങ്കില്‍ വീണ്ടും വ്യോമാക്രമണമുണ്ടായി. നബുലുസിലെ ഫതാഹ് പാര്‍ട്ടി ആസ്ഥാനത്ത് ഇസ്രായേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതോടൊപ്പം ഹമാസ് കനത്ത തിരിച്ചടിയും നല്‍കുന്നുണ്ട്. ഒരു ആക്രമണത്തില്‍ മാത്രം ഒന്‍പത് ഇസ്രായേല്‍ സൈനികരെ വധിച്ചതായാണ് ഹമാസ് അറിയിക്കുന്നത്. നാല് ദിവസത്തിനുള്ളില്‍ 62 സൈനിക വാഹനങ്ങള്‍ തകര്‍ത്തതായും ഹമാസ് സൈനിക വക്താവ് അബു ഉബൈദ അറിയിച്ചു.
ഗസ്സയിലേക്കുള്ള യുഎന്‍ സഹായ വിതരണം തുടര്‍ച്ചയായി രണ്ടാം ദിവസവും മുടങ്ങി. ഇന്ധന ക്ഷാമവും ആശയ വിനിമയ ബന്ധം അറ്റു പോയതുമാണ് സഹായ വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. യുഎന്നിനായി രണ്ട് ഇന്ധന ട്രക്കുകള്‍ മാത്രം കടത്തിവിടാനാണ് ഇസ്രായേല്‍ അനുമതി നല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





