ഉഡുപ്പിയിൽ വീട്ടമ്മയേയും മൂന്ന് മക്കളേയും കുത്തിക്കൊന്ന സംഭവം ആഘോഷിച്ച് പോസ്റ്റിട്ട ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസ്. ഉഡുപ്പി തൃപ്തി നഗറിൽ ഒരു മുസ്‌ലിം കുടുംബത്തിലെ നാല് പേരെ എയർ ഇന്ത്യയിൽ കാബിൻ ക്രൂവായ പ്രവീൺ അരുൺ ചൗഗലെ(35) കൊലപ്പെടുത്തിയ സംഭവം ആഘോഷിച്ച ‘ഹിന്ദു മന്ത്ര’ (hindu_mantra_) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്.
|
കൊലപാതകം ആഘോഷിക്കുകയും പ്രതിയെ മഹത്വവത്ക്കരിക്കുകയും ചെയ്തതിന് ഉഡുപ്പി സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക് ക്രൈം പൊലീസാണ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ’15 മിനിറ്റിനുള്ളിൽ നാല് മുസ്‌ലിംകളെ കൊന്ന് ലോക റെക്കോർഡ് നേടി’- എന്നാണ് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്.
വിവാദ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന കമന്റുകൾ പോസ്റ്റ് ചെയ്യുകയും നാലു കൊലപാതകങ്ങൾ നടത്തിയ കേസിലെ പ്രതിയെ പ്രശംസിക്കുകയും ചെയ്തെന്നാണ് കേസ്. തലയിൽ കിരീടവുമായുള്ള പ്രതി ചൗഗലെയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാൻ, ഐനാസ്, അസീം എന്നിവരെയാണ് ചൗഗുലെ കൊന്നത്. നാലു പേരെ കുത്തിക്കൊന്നതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് അറിയിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ പ്രതിയെ 14ാം തിയ്യതിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 12നായിരുന്നു കേസിനാസ്പദമായ സംഭവം.
മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ ഇപ്പോൾ എയർ ഇന്ത്യയിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു. വിവാഹിതനായ പ്രതിക്ക് രണ്ട് മക്കളുണ്ട്. ഇയാൾ കുടുംബസമേതം മംഗളൂരുവിലാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട ഐനാസുമായി ഛൗഗലെ ജോലിയുടെ ഭാഗമായുള്ള യാത്രകളിലൂടെ അടുത്ത ബന്ധം പുലർത്തിയിരുന്നു. പിന്നീട് ഐനാസ് ഇയാളിൽ നിന്ന് അകന്നു. ഇതോടെ അമിതമായി പൊസസീവ് ചിന്താഗതിയുള്ള പ്രതിയുടെ മനസിൽ രൂപംകൊണ്ട അസൂയയും വിദ്വേഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
അഫ്‌നാനും ഉപരിപഠനത്തിനായി മംഗളൂരുവിലുള്ള സഹോദരി ഐനാസും ദീപാവലി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. ഐനാസാണ് തങ്ങളുടെ വീടിന്റെ ലൊക്കേഷൻ ഛൗഗലെയ്ക്ക് നൽകിയത്. മൊബൈൽ ഫോൺ ലൊക്കേഷനും ഫോൺ രേഖകളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലെത്തിയത്. കൊലപാതകം നടന്ന സമയത്ത് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും പൊലീസ് അന്വേഷണം ഇയാളിലേക്കെത്തിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ദീപാവലി ആഘോഷിക്കാനായി ബെലഗാവിയിലെ കുടച്ചിയിൽ തന്റെ അമ്മാവന്റെ അടുത്തേക്കാണ് പ്രതി പോയത്. ആക്രമണത്തിൽ നൂർ മുഹമ്മദിന്റെ മാതാവ് ഹാജറയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബാത്ത്‌റൂമിൽ കയറി വാതിലടച്ചാണ് അവർ രക്ഷപ്പെട്ടത്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
The 'Hindu Mantra' Instagram account that distorted the Udupi massacre as a 'world record'!
and they are feeling proud of it. #BraveheartWomen #SAvsAUS #IndiaVsNewZealand #INDvsNZ #SouthAfrica #SaintMSG pic.twitter.com/by93DOpjw9— Riffat wani 🍁 (@FrwaChaudhry) November 17, 2023
പ്രതി എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പൊലീസിന് പ്രാഥമിക വിവരങ്ങൾ കൈമാറിയത്. മാസ്‌ക് ധരിച്ച ഒരാൾ സന്ദേകാട്ടെ സ്റ്റാൻഡിൽ നിന്ന് കയറി കൊലപാതകം നടന്ന വീടിന് സമീപത്ത് ഇറങ്ങിയെന്നും 15 മിനിറ്റിനകം മടങ്ങിയെത്തി മറ്റൊരു ഓട്ടോയിൽ കയറിപ്പോയെന്നുമായിരുന്നു ഇയാളുടെ മൊഴി.
പ്രതിയുമായുള്ള തെളിവെടുപ്പിനിടെ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. പ്രതിയെ കൂട്ടക്കൊല നടന്ന നെജാരുവിനടുത്ത് കെമ്മണ്ണിലെ ഹമ്പൻകാട്ടിൽ എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രകോപിതരായത്. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് പ്രതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





