21
Nov 2023
Wed
21 Nov 2023 Wed

കൊച്ചിയില്‍ ഇന്ന് പൊടിപാറും: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈക്കെതിരെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ നാലാം വിജയവും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. സ്വന്തം തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്ക് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. ലീഗിലെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ കളിയില്‍ മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ എട്ടാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തോല്‍വിയറിയാതെയാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. ഒന്നാമതുള്ള എഫ്‌സി ഗോവയ്ക്കും ബ്ലാസ്റ്റേഴ്‌സിനും 16 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. എന്നാല്‍ ഗോവ ബ്ലാസ്റ്റേഴ്‌സിനെ അപേക്ഷിച്ച് ഒരു മത്സരം കുറവാണ് കളിച്ചത്. ഇന്ന് സമനിലയാ നേടാനായാല്‍ പോലും ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ഗോവയെ മറികടന്ന് ടേബിള്‍ തലപ്പത്തെത്താം.

ഏഴ് കളിയില്‍ അഞ്ച് ജയവും ഒന്ന് വീതം തോല്‍വിയും സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സ് നേട്ടം. ഏഴ് പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ് ബ്ലാസ്റ്റേഴ്‌സും ചെന്നൈയിനും. 20 കളിയില്‍ ആറ് വീതം കളികളില്‍ ജയിച്ചപ്പോള്‍ 8 എണ്ണം സമനിലയിലായി.

കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഹൈദാരാബാദ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോല്‍ന് തോല്‍പ്പിച്ചിരുന്നു. ആദ്യ പകുതിയില്‍ 41ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് മിലോസ് ഡ്രിന്‍സിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ഗോള്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി നിന്ന സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം സാധ്യമാക്കിയത്.

ഗോള്‍ കീപ്പര്‍ സ്ഥാനം മലയാളി താരം സച്ചിന്‍ സുരേഷ് ഇതിനോടകം ഉറപ്പിച്ചു. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പെനാല്‍റ്റി രക്ഷപ്പെടുത്തലുകളുമായി സച്ചിന്‍ സുരേഷ് ടീമിന്റെ സൂപ്പര്‍ താരമായിരിക്കുകയാണ്. ഹൈദരാബാദിന് എതിരായ അവസാന മത്സരത്തില്‍ താരം ക്ലീന്‍ ഷീറ്റും സ്വന്തമാക്കി. സ്‌ട്രൈക്കര്‍ ഖ്വാമെ പെപ്ര ഗോള്‍ നേടുന്നില്ലെന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിലും മങ്ങിയ ഈ വിദേശ താരത്തെ ബ്ലാസ്റ്റേഴ്‌സ് അടുത്ത കളിയില്‍ മഞ്ഞപ്പട പുറത്തിരുത്തിയേക്കുമെന്ന സൂചനകള്‍ ശക്തമാണ്.

സാധ്യതാ ഇലവന്‍:
ഗോള്‍ കീപ്പര്‍: സച്ചിന്‍ സുരേഷ്.
പ്രതിരോധം: പ്രീതം കോട്ടാല്‍, റൂയിവ ഹോര്‍മിപാം, മിലോസ് ഡ്രിന്‍സിച്ച്, നോച്ച സിംഗ്.
മധ്യനിര: ഡൈസുകെ സകായ്, വിബിന്‍ മോഹനന്‍, ഡാനിഷ് ഫറൂഖ് ബട്ട്, മുഹമ്മദ് ഐമന്‍ / രാഹുല്‍ കെപി.
മുന്നേറ്റ നിര: അഡ്രിയാന്‍ ലൂണ, ഖ്വാമെ പെപ്ര/ഇഷാന്‍ പണ്ഡിത.