18
Dec 2023
Sun
18 Dec 2023 Sun

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറും ഹെഡ്കോൺസ്റ്റബിളും അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. സബ് ഇൻസ്പെക്ടർ അനുരാ​ഗ് ദ്വിവേദി, ഹെഡ് കോൺസ്റ്റബിൾ യൂസുഫ് അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇവരെ കൂടാതെ കോൺസ്റ്റബിൾമാരായ നാസിം, ശേഖർ, ദിനേശ് ​ഗുപ്ത എന്നിവരെയും സസ്പെൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജിനോറിലെ വ്യാപാരിയായ ഇഷ്തിയാഖിനെ തട്ടിക്കൊണ്ടുപോയ പൊലീസ് സംഘം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. മോഷണമടക്കമുള്ള കേസുകളിൽ ഇഷ്തിയാഖ് മുമ്പ് പ്രതിയായിരുന്നുവെന്ന് അറിയാവുന്ന പൊലീസ് സംഘം ഇതു മുതലെടുത്താണ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്.
കമ്പിളിവസ്ത്രങ്ങളുടെ വിൽപ്പനയ്ക്കെത്തിയ യുവാവിനെ മോഷണക്കേസിൽ ചോദ്യം ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈയിൽ നിന്ന് 20000 രൂപയും കമ്പിളി വസ്ത്രങ്ങളും പൊലീസ് തട്ടിയെടുത്തു.

നിറാല ന​ഗറിലെ ​ഗസ്റ്റ് ഹൗസിൽ കെട്ടിയിട്ട് ഇഷ്തിയാഖിനെ മർദ്ദിക്കുകയും 24 മണിക്കൂറിനകം 1.25 ലക്ഷം രൂപ നൽകണമെന്ന് കുടുംബത്തെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇഷ്തിയാഖിനെ സംഘം വിട്ടയച്ചു. എന്നാൽ മോചനദ്രവ്യത്തുക പങ്കുവയ്ക്കുന്നതിലെ ഭിന്നത മൂലം സംഘാം​ഗം മർദ്ദന വീഡിയോ സാമൂ​ഹികമാധ്യമത്തിലൂടെ പുറത്തുവിടുകയും ചെയ്തു. മോചിതനായ ശേഷം തട്ടിക്കൊണ്ടുപോവലിനെതിരേ യുവാവ് പൊലീസിൽ പരാതിനൽകുകയും അന്വേഷണം നടത്തിയ ഹസൻ​ഗഞ്ച് ഇൻസ്പെക്ടർ രാജ് കുമാർ കൃത്യത്തിനു പിന്നിലെ പൊലീസ് സംഘത്തെ കണ്ടെത്തുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക