ISL: ഒന്നാമതെത്തി ബ്ലാസ്‌റ്റേഴ്‌സ്; ആദ്യമായി മോഹന്‍ ബഗാനെ വീഴ്ത്തിയ സന്തോഷത്തില്‍ കൊമ്പന്‍മാര്‍; സഹലിന്റെ അസാന്നിധ്യം ബഗാന് തിരിച്ചടിയാകുന്നു
|
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഒമ്പതാം മിനിട്ടില്‍ ഗ്രീക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ ഗോളിനാണ് കേരള ക്ലബ്ബിന്റെ വിജയം. ഇതാദ്യമായാണ് ഐ.എസ്.എല്ലില്‍ മോഹന്‍ ബഗാനെ കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തുന്നത്, അതും അവരുടെ തട്ടകത്തില്‍. ഇതിന് മുന്‍പ് കേരള, കൊല്‍ക്കത്തന്‍ ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ ആറു മത്സരങ്ങളില്‍ ഒരു മത്സരം സമനിലയായപ്പോള്‍ അഞ്ച് മത്സരങ്ങള്‍ വിജയിച്ചത് മോഹന്‍ ബഗാനായിരുന്നു.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. കളിയുടെ തുടക്കത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചാണ് കളിച്ചത്. നാലാം മിനിറ്റില്‍ പ്രതിരോധ താരത്തില്‍നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിന്റെ മധ്യത്തില്‍നിന്ന് ദിമിത്രിയോസ് തൊടുത്ത ഒരു ഇടങ്കാല്‍ ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക്. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം കണ്ടു. പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിന്റെ ഇടതുപാര്‍ശ്വത്തില്‍നിന്ന് ദിമിത്രിയുടെ ഇടങ്കാല്‍ ബുള്ളറ്റ് ഷോട്ട് ഗോളിക്ക് ഒരു അവസരവും നല്‍കാതെ പോസ്റ്റിനുള്ളില്‍. മൂന്ന് മോഹന്‍ ബഗാന്‍ കളിക്കാരെ മറികടന്നായിരുന്നു ദിമിത്രിയോസിന്റെ ഗോള്‍നേട്ടം. സീസണില്‍ താരത്തിന്റെ ഏഴാം ഗോളാണിത്. ഗോള്‍ വീണതോടെ മോഹന്‍ ബഗാനും ഉണര്‍ന്ന് കളിച്ചു. മൂര്‍ച്ചയുള്ള നീക്കങ്ങള്‍ ബഗാന്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെയോ ഗോളി സച്ചിന്‍ ബേബിയെയോ മറികടക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങളാണ് ലഭിച്ചത്. ഇരു ടീമും ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകള്‍ പിറന്നില്ല. മത്സരത്തില്‍ ഗോള്‍ നേടി ടീമിനെ വിജയിപ്പിക്കാന്‍ സഹായിച്ചത് ദിമിത്രിയോസ് ആണെങ്കിലും മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഉരുക്കുപോലെ മോഹന്‍ ബഗാന്‍ ആക്രമണങ്ങളെ പ്രതിരോധിച്ച മാര്‍ക്കോ ലെസ്‌കോവിചാണ്.
പ്രതിരോധതാരം ബ്രെന്‍ഡന്‍ ഹാമില്‍, മധ്യനിരയിലെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പെടെ പല താരങ്ങളും പരിക്കിന്റെ പിടിയിലായതായാണ് ബഗാന് തിരിച്ചടിയായത്. ഇവര്‍ പരിക്കേല്‍ക്കാതെ കളിച്ച ആദ്യ മത്സരങ്ങളെല്ലാം വിജയിച്ച ബഗാന്‍ തുടക്കത്തില്‍ പോയിന്റ് ടേബിളില്‍ മുന്നിലായിരുന്നു. എന്നാല്‍, ഇവരില്ലാതെ കളിച്ച അവസാന മൂന്ന് മത്സരങ്ങളും കൊല്‍ക്കത്തന്‍ ക്ലബ്ബ് പരാജയപ്പെട്ടു.


