ചെന്നൈ: നടനും ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം (DMDK) സ്ഥാപകനുമായ വിജയകാന്ത് അന്തരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ചെന്നൈ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.
|
എണ്‍പതുകളിലെ തമിഴകത്തെ ആക്ഷന്‍ താരമായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന്‍ വന്‍ ഹിറ്റായിരുന്നു. അമ്മന്‍ കോവില്‍ കിഴക്കാലേ, വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൌണ്ടര്‍, വല്ലരസു, ക്യാപ്റ്റന്‍ പ്രഭാകരന്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 1980 കളില്‍ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസന്‍ , രജനികാന്ത് എന്നിവര്‍ക്ക് ശേഷമുള്ള മുഖ്യധാര നായകനായിരുന്നു വിജയകാന്ത്. ആക്ഷന്‍ നായകന്റെ പരിവേഷമാണ് വിജയകാന്തിനു തമിഴ് ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നത്.
2005ലാണ് വിജയകാന്ത് DMDK എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 2006 ലെ തമിഴ്‌നാട് നിയമ സഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയം നേടാനായുള്ളു. രണ്ടുതവണ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു.
1952 ഓഗസ്റ്റ് 25 ന് മധുരയില്‍ ജനിച്ച വിജയകാന്തിന്റെ ഔദ്യോഗിക പേര് വിജയരാജ് അളഗര്‍സ്വാമി എന്നാണ്. കെ.എന്‍.അളഗര്‍സ്വാമിയും ആണ്ടാള്‍ അളഗര്‍സ്വാമിയുമാണ് മാതാപിതാക്കള്‍. ഭാര്യ പ്രേമലത. മക്കള്‍ ഷണ്‍മുഖ പാണ്ഡ്യന്‍, വിജയപ്രഭാകരന്‍.





