ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ അൽ അഖ്‌സ പള്ളിയിലെ ഇമാം കൊല്ലപ്പെട്ടു. മുൻ ഫലസ്തീൻ ഔഖാഫ്- മതകാര്യ മന്ത്രി കൂടിയായ ഡോ. യൂസുഫ് സലാമയാണു കൊല്ലപ്പെട്ടത്.
|
ഇന്ന് മധ്യ ഗസ്സയിലെ മഗാസി ക്യാംപിലെ വീടിനു നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടന്നത്. ആക്രമണത്തിൽ യൂസുഫ് സലാമയുടെ കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈകീട്ട് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മധ്യ ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ വ്യോമാക്രമണത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. 286 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബർ ഏഴിനു ശേഷം നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 21822 ആയി. ഇതിൽ 8800 പേരും കുട്ടികളാണ്. 56,451 പേർക്കാണ് പരിക്കേറ്റത്. ഇതുവരെ ഗസ്സയിലെ 70 ശതമാനം വീടുകളും തകർന്നതായി ഹമാസ് മാധ്യമ വിഭാഗം അറിയിച്ചു.
ആകെ 4,39,000 വീടുകളുള്ളിടത്ത് മൂന്നു ലക്ഷവും പൂർണമായി തകർന്നിട്ടുണ്ടെന്നാണു വിവരം. നഗരത്തിലെ 200ഓളം പൈതൃക- പുരാവസ്തു കേന്ദ്രങ്ങൾ പൂർണമായും തകർന്നതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഗസ്സയിലെ ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 29,000 ബോംബുകളാണ് ഇസ്രായേൽ വർഷിച്ചതെന്ന് വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തു. ക്രിസ്ത്യൻ പള്ളികളും ആശുപത്രികളും വ്യാപാരസ്ഥാപനങ്ങളുമെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
🚨 Former Imam of Masjid Al-Aqsa Martyred in #Gaza
Former Palestinian Minister of Awqaf and Religious Affairs and the preacher of #AlAqsaMosque, Sheikh Yousef Salama, was martyred in an Israeli airstrike on his home in the Maghazi Camp in the central Gaza Strip on Sunday.… pic.twitter.com/37cRs2pDgt
— DOAM (@doamuslims) December 31, 2023


