ലഖ്നൗ: പൊലീസ് ഉദ്യോഗസ്ഥൻ അടക്കം കൊല്ലപ്പെട്ട 2018ലെ ബുലന്ദ്ഷഹർ കലാപക്കേസ് പ്രതിയെ ബിജെപി സോണൽ പ്രസിഡന്‍റായി നിയമിച്ചു. പ്രതി സച്ചിൻ അഹ്‌ലവത്തിനെയാണ് ബുലന്ദ്ഷഹറിലെ സോണൽ പ്രസിഡന്‍റായി ബിജെപി യുപി ഘടകം തീരുമാനിച്ചത്.
|
ബുലന്ദ്ഷഹറിൽ ബിജെപി 31 സോണൽ പ്രസിഡന്‍റുമാരെ തെരഞ്ഞെടുത്ത കൂട്ടത്തിലാണ് ബിബി നഗറിൽ ഇയാളും നിയമിക്കപ്പെട്ടത്. കലാപ കുറ്റമടക്കം ചുമത്തപ്പെട്ട് ജയിലിലായ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.
2018 ഡിസംബർ മൂന്നിനാണ് ബുലന്ദ്ഷഹറിലെ മഹാവ് ഗ്രാമത്തിലെ സയാന പ്രദേശത്ത് ഗോവധമാരോപിച്ച് പ്രതികള്‍ വര്‍ഗീയ കലാപം സൃഷ്ടിച്ചത്. സയാന പ്രദേശത്ത് വയലിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയെന്നാരോപിച്ചാണ് അക്രമ സംഭവങ്ങൾ ആരംഭിച്ചത്. പിന്നീട് ചിരങ്‌വതി പൊലീസ് പോസ്റ്റിൽ സംഘ്പരിവാർ സംഘടനകൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
അടിയന്തര നടപടി ആവശ്യപ്പെട്ട് 60ഓളം പേർ ട്രാക്ടറിൽ പശുക്കളുടെ ജഡം കയറ്റിയാണ് അക്രമികൾ എത്തിയത്. ഗോഹത്യയിൽ പ്രദേശത്തെ ഏതാനും മുസ്‌ലിംകൾക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിനിടെ ബുലന്ദ്ഷഹർ ഹൈവേ പ്രതിഷേധക്കാർ തടഞ്ഞു. ഇതോടെ സിയാന പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സുബോധ് കുമാർ സിങ് തന്റെ ടീമിനൊപ്പം സ്ഥലത്തെത്തി.
പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ സംഘ്പരിവാർ അക്രമികൾ അക്രമാസക്തരായി. സമീപത്തെ ചിംഗ്രാവതി, മഹാവ് ജില്ലകളില്‍ 400 ഓളം കലാപകാരികള്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും വെടിവയ്ക്കുകയും ചെയ്തു.
ഇതിനിടെ, സുബോധ് സിങ്ങിനെ അക്രമികൾ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും വെടിവച്ചു കൊല്ലുകയുമായിരുന്നു.
വീട്ടിൽ സൂക്ഷിച്ച ആട്ടിറച്ചി ഗോമാംസം ആണെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ സംഘ്പരിവാര്‍ അക്രമികൾ തല്ലിക്കൊന്ന കേസ് ആദ്യം അന്വേഷിച്ചിരുന്ന പൊലീസുകാരനായിരുന്നു ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്. പിന്നീട് ഇദ്ദേഹത്തെ ആ ചുമതലയില്‍ നിന്നും നീക്കുകയായിരുന്നു.





