കോട്ടയം: വീട്ടുജോലിക്കെത്തി മോഷണം നടത്തിയ ശേഷം മുങ്ങാൻ ശ്രമിച്ച ഇതര സംസ്ഥാന സ്വദേശിനിയായ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിനിയായ അസിയാ ബാനു എന്ന ആതിഫ ഖാത്തൂനെയാണ് (24) ഈസ്റ്റ് പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത്.
|
കൊല്ലാട് സെന്റ് പോൾസ് പള്ളിയുടെ സമീപത്തെ മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ ഒരു മാസമായി വീട്ടുജോലി ചെയ്തു വരുകയായിരുന്നു യുവതി. കഴിഞ്ഞ ദിവസം വീട്ടുകാർ അമ്മയെ തനിച്ചാക്കി ആശുപത്രിയിൽ പോയ സമയത്ത് അലമാരയിൽ നിന്ന് 1,40,000 രൂപയും അമ്മയുടെ കഴുത്തിൽ കിടന്ന മൂന്നു പവന്റെ മാലയും മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കോട്ടയം ടൗൺ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ ഇവരെ മാലയും പണവുമായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു.
ഈസ്റ്റ് എസ്എച്ച്ഒ യു ശ്രീജിത്, എസ്.ഐമാരായ ദിലീപ് കുമാർ, സന്ദീപ്, സജി എം. പി, ബിജുമോൻ നായർ, സിപിഒമാരായ പ്രതീഷ് രാജ്, യേശുദാസ്, അജിത്, വിബിൻ, അജേഷ്, ഗിരീഷ് കുമാർ, അനൂപ് വിശ്വനാഥ്, പുഷ്പകുമാരി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.





