ജയിലിലേക്ക് തിരിച്ചുപോകാന്‍ സമയം നീട്ടിച്ചോദിച്ചുള്ള ബില്‍കീസ് ബാനു കേസിലെ പ്രതികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
|
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ക്രൂരസംഭവങ്ങളിലൊന്നായ ബില്‍കീസ് ബാനു കേസില്‍ ജയിലിലേക്ക് തിരിച്ചുപോകാന്‍ സമയം നീട്ടിച്ചോദിച്ചുള്ള പ്രതികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 11 കുറ്റവാളികളെയും മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹരജി നല്‍കിയത്. ഇവരുടെ മോചനം റദ്ദാക്കിയതോടെ ഞായറാഴ്ചക്ക് മുമ്പായി ജയിലിലേക്ക് തന്നെ മടങ്ങിപ്പോകേണ്ടതായിരുന്നുവെങ്കിലും കാലാവധി തീരാനായതോടെയാണ് ഇതില്‍ മൂന്നുപേര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമയം നീട്ടിച്ചോദിച്ചത്. ആറാഴ്ച വരെ സമയം നീട്ടണമെന്നാണ് കുറ്റവാളികളുടെ ആവശ്യം. ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
മാതാപിതാക്കളെ പരിചരിക്കണമെന്നാണ് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗോവിന്ദഭായ് നയിയുടെ ആവശ്യം. സ്വന്തം കൃഷിഭൂമിയിലെ കൊയ്ത്ത് നടക്കാനിരിക്കുകയാണെന്നും അതിന് ശേഷം ജയിലിലെത്തി കീഴടങ്ങാമെന്നുമാണ് മിതേഷ് ചിമനാല്‍ ഭട്ട് എന്ന കുറ്റവാളി പറഞ്ഞത്. മകന്റെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്താനുണ്ടെന്നാണ് മറ്റൊരു കുറ്റവാളിയായ രമേഷ് രൂപഭായ് ചന്ദനയുടെ ആവശ്യം.
2022ലെ സ്വതന്ത്രദിനത്തിലാണ് ബില്‍കീസ് ബാനു കേസിലെ 11 കുറ്റവാളികളെയും ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇതിനെതിരേ ബല്‍കീസ് ബാനുവും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ നല്‍കിയ ഹരജി പരിഗണിച്ച് ഈ മാസം എട്ടിനാണ് സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാര്‍ നടപടി റദ്ദാക്കിയത്. 2022ലെ ഗുജറാത്ത് കലാപത്തിനിടെ 21കാരിയായ ബല്‍ക്കീസ് ബാനുവിനെ ഹിന്ദുത്വ അക്രമികള്‍ കൂട്ടംചേര്‍ന്ന് ലൈംഗിക ആക്രമണത്തിനിരയാക്കുകയും അവരുടെ മൂന്നുവയസ്സുള്ള കുഞ്ഞിനെയടക്കമുള്ള കുടുംബാംഗങ്ങളെ കൂട്ടക്കൊലചെയ്‌തെന്നുമാണ് കേസ്.





