21
Jan 2024
Fri
21 Jan 2024 Fri

ഒടുവില്‍ സ്ഥിരീകരണം: മെസ്സിയുടെ ടീം അടുത്തവര്‍ഷം കേരളത്തില്‍ കളിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ അര്‍ജന്റീന ഫുട്ബാള്‍ ടീം കേരളത്തിലെത്തുമെന്ന് ഒടുവില്‍ സ്ഥിരീകരണം. രണ്ടു സൗഹൃദ മത്സരങ്ങള്‍ ആണ് ടീം കേരളത്തില്‍ കളിക്കുക. കായികമന്ത്രി വി.അബ്ദുറഹിമാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

2025 ഒക്ടോബറിലായിരിക്കും ടീം കേരളത്തിലെത്തുകയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജൂണില്‍ അര്‍ജന്റീന ഫുട്ബാള്‍ ടീം കേളത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, മഴക്കാലമായതിനാല്‍ കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് അടുത്ത വര്‍ഷം ഒക്ടോബറില്‍ കളിക്കാമെന്ന് ടീം മാനേജ്മന്റെ് സമ്മതിച്ചത്.

ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ചിലവ് താങ്ങാനാവില്ലെന്ന് പറഞ്ഞ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ കൈയൊഴിഞ്ഞിരുന്നു. തുടര്‍ന്നാണ് മന്ത്രി അബ്ദുറഹിമാന്‍ ഇടപ്പെട്ട് ടീമിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ പ്രേരകമായത്. ഖത്തര്‍ ലോകകപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിന്റെ ക്ഷണം അവര്‍ സ്വീകരിച്ചു.

നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബാള്‍ വികസനത്തില്‍ അര്‍ജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഇന്ന് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അര്‍ജന്റിന കേരളവുമായി ഫുട്‌ബോള്‍ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചു. കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനുമുള്ള താത്പര്യവും അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

അര്‍ജന്റീന ദേശീയ ടീം കേരളത്തില്‍ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണില്‍ കളിക്കാന്‍ എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍, ആ സമയം മണ്‍സൂണ്‍ സീസണായതിനാല്‍ പ്രയാസം അറിയിച്ചു. തുടര്‍ന്ന് 2025 ഒക്ടോബറില്‍ കളിക്കാന്‍ സന്നദ്ധത അര്‍ജന്റീന അറിയിച്ചു.ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്‍കാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങള്‍ക്ക് ഉള്ള വലിയ പ്രചോദനവും ആകും അര്‍ജന്റീന ദേശീയ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് എന്ന വിശ്വാസവും തിരിച്ചറിവും ഈ വാര്‍ത്ത വന്നപ്പോള്‍ മുതല്‍ നമ്മുടെ ആളുകള്‍ പ്രകടിപ്പിക്കുന്ന ആവേശവും മുന്നോട്ട് പോകുവാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ് സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ. എ.എസ്.കെ.എഫ്.എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.’

FIFA World Champions Argentina likely to play friendly matches in Kerala next year