ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു
|
ഗുവാഹത്തി: ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു. 40 വയസ്സിനു മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷനു കീഴിലെ എലൈറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാലാണ് താന്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് മേരി കോം പറഞ്ഞു. ബോക്സിങ് മത്സരങ്ങളില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രായപരിധി കാരണമാണ് വിരമിക്കുന്നതെന്നും മേരി കോം വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെയാണ് ബോക്സിങ്ങില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഒളിമ്പിക് മെഡല്‍ ജേതാവും ആറുതവണ ലോക ചാമ്പ്യനുമാണ് മേരി കോം. ആറുതവണ ലോക ചാമ്പ്യനായ ഒരേയൊരു ബോക്സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനുമായി. 2014ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിലൂടെ, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ബോക്സറായി മാറി.
2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി. 2008ല്‍ ലോക ചാമ്പ്യനായതിനു പിന്നാലെ ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇതോടെ ബോക്സിങ്ങില്‍നിന്ന് തത്കാലം വിട്ടുനിന്നു. പിന്നീട് 2012ല്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കുന്നതിനായും കളിക്കളത്തില്‍നിന്ന് വിട്ടുനിന്നു. തുടര്‍ന്ന് തിരിച്ചെത്തിയ മേരി കോം, 2018ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പും നേടി.
2003ലെ ആദ്യ ലോക ചാംപ്യന്‍പട്ടത്തിനു പിന്നാലെ രാജ്യം അര്‍ജുന അവാര്‍ഡ് നല്കി. 2009ല്‍ ഖേല്‍ രത്ന പുരസ്കാരവും ലഭിച്ചു. 2006ല്‍ പത്മശ്രീ, 2013ല്‍ പത്മഭൂഷണ്‍, 2020ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരി കോമിന് ലഭിച്ചു.


