29
Jan 2024
Sat
29 Jan 2024 Sat

ഇന്ത്യ മുന്നണിയുടെ ‘പ്രധാനമന്ത്രി’ ആകാനിരുന്ന നിതീഷ് NDAയില്‍ ചേരുമോ? തീരുമാനം ഇന്ന്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആകുമെന്ന് കരുതിയിരുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ മുന്നണി വിട്ട് എന്‍ഡിഎയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നിര്‍ണായക തീരുമാനം ഇന്ന്. ബി.ജെ.പി, ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിയോഗങ്ങള്‍ ഇന്ന് ചേരും. ബി.ജെ.പി, ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം നിയമസഭാ കക്ഷി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്.

മഹാഗഡ്ബന്ധന്‍ സഖ്യം ഉപേക്ഷിച്ച് നിതീഷ് എന്‍.ഡി.എക്കൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയുടെ പിന്തുണയില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബി.ജെ.പിക്ക് നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവും ബി.ജെ.പി മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം, നിതീഷ് കുമാറിനെ പ്രതിരോധിക്കാനുള്ള ബദല്‍ നീക്കങ്ങളും ശക്തമാണ്. ബിഹാറിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് തിരക്കിട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നിതീഷിനെതിരെ ബദല്‍നീക്കങ്ങളും ശക്തമാണ്.നിതീഷ് കുമാറിന്റെ നീക്കത്തില്‍ ജെ.ഡി.യുവിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. എട്ട് ജെ.ഡി.യു എം.എല്‍.എമാര്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയോട് അടുക്കുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

നിതീഷ് കുമാര്‍ നാളെ നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നതിലും അഭ്യൂഹങ്ങള്‍ കനക്കാന്‍ കാരണമായി. ബിഹാറിലെ നിലവിലെ സാഹചര്യം അമിത് ഷാ വിലയിരുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കില്ലെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. വാര്‍ത്ത വന്നതിന് തൊട്ട് പിന്നാലെ തന്നെ എല്ലാ റിപ്പോര്‍ട്ടുകളേയും ബിഹാര്‍ ജെഡിയു അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ നിഷേധിച്ചിരുന്നു.

ഉമേഷ് കുശ്വാഹയുടെ പ്രതികരണത്തിന് പിന്നാലെ ആരുടെ മുന്നിലും വാതിലുകള്‍ അടച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവ് സുശീല്‍ മോദി എംപിയും രംഗത്തെത്തിയിരുന്നു.

വര്‍ഷങ്ങളോളം എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു 2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് മഹാസഖ്യം വിട്ട് എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്തു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു. തുടര്‍ന്ന് ബിജെപിയെ നേരിടുന്നതിനായി പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’ മുന്നണി രൂപീകരിക്കാന്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. ‘ഇന്ത്യ’ മുന്നണിയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എന്‍ഡിഎ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.