അച്ഛനെ കൊന്ന് തല വെട്ടിയെടുത്ത് യുട്യൂബ് വീഡിയോയില്‍ പ്രദര്‍ശിപ്പിച്ച് 32കാരന്. യുഎസിലെ പെന്സില്വാനിയയിലാണ് സംഭവം. ജസ്റ്റിന് മോന് എന്ന യുവാവാണ് 68കാരനായ മൈക്കല്‍ മോനെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി വീഡിയോ എടുത്ത് യുട്യൂബില്‍ അപ് ലോഡ് ചെയ്തത്.
|
മൈക്കലിന്റെ തലയില്ലാത്ത മൃതദേഹം കണ്ട് ഭാര്യ ഡെനിസ് ആണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവസമയം ഡെനിസ് വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. ഡെനിസ് എത്തുമ്പോള്‍ മകനും വീട്ടിലെ കാറും അവിടെയുണ്ടായിരുന്നില്ല. പൊലീസ് എത്തി കുളിമുറിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. കുളിമുറിയോടു ചേര്‍ന്ന കിടപ്പുമുറിയില്‍ നിന്ന് വെട്ടിമാറ്റിയ തലയും പൊലീസ് കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ ഇട്ട തല പാചകം ചെയ്യുന്ന പാത്രത്തിലാണ് വച്ചിരുന്നത്.
കൃത്യത്തിനുപയോഗിച്ച ആയുധങ്ങളും ചോരപുരണ്ട റബര്‍ കൈയുറകളും പ്രതി ഇവിടെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ജസ്റ്റിന് മോന് യുട്യൂബില്‍ അപ് ലോഡ് വീഡിയോ കാണുന്നത്. എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കുന്നതിനിടെ വെട്ടിയെടുത്ത പിതാവിന്റെ തലയും ജസ്റ്റിന് ഉയര്‍ത്തിക്കാണിക്കുന്നതായിരുന്നു ഈ വിഡിയോ.
20 വര്‍ഷത്തിലേറെക്കാലം സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന തന്റെ പിതാവ് രാജ്യദ്രോഹിയാണെന്നും അമേരിക്ക ചീഞ്ഞുനാറുകയാണെന്നു അക്രമി പറഞ്ഞു. യു എസ് പ്രസിഡന്റ് ജോ ബൈഡനെയും ബ്ലാക്ക് ലൈവ് സ് മാറ്റര്‍ മൂവ് മെന്റിനെയും എല്‍ജിബിറ്റിക്യു സമൂഹത്തെയും യുവാവ് വീഡിയോയില്‍ അധിക്ഷേപിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കാനും ജസ്റ്റിന് ആഹ്വാനം ചെയ്തു. കൊലപാതകശേഷം രക്ഷപ്പെട്ട പ്രതിയെ വീട്ടില്‍ നിന്ന് 161 കിലോമീറ്റര്‍ അകലെ നിന്നാണ് പൊലീസ് പിടികൂടിയത്. വീഡിയോ യുട്യൂബ് റിമൂവ് ചെയ്തിട്ടുണ്ട്.


