16
Oct 2023
Thu
16 Oct 2023 Thu

കൊച്ചി: വിമാനയാത്രയ്ക്കിടെ യുവനടി ദിവ്യപ്രഭയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തൃശൂര്‍ സ്വദേശി ആന്റോ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്ന് ആന്റോ അപേക്ഷയില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അങ്ങനെയൊരു സംഭവം വിമാനത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് ആന്റോ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഗ്രൂപ്പ് ടിക്കറ്റിലാണ് താന്‍ വിമാനത്തില്‍ യാത്ര ചെയ്തത്. വിന്‍ഡോ സീറ്റില്‍ ഇരിക്കുന്ന സമയത്ത് നടി അത് തന്റെ സീറ്റാണെന്ന് പറഞ്ഞു വരുന്നത്. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കങ്ങള്‍ ആ സമയത്ത് ഉണ്ടായി. എന്നാല്‍ വിമാനത്തിലെ ജീവനക്കാര്‍ എത്തി ആ പ്രശ്‌നം പരിഹരിക്കുകയും നടിക്ക് മറ്റൊരു സീറ്റ് നല്‍കുകയും ചെയ്തതായി പരാതിക്കാരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചു.

അതിനുശേഷം പരാതി ഒന്നുമില്ലാതെ യാത്ര തിരിച്ചെന്നും പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് കണ്ടപ്പോഴാണ് ഇത്തരത്തില്‍ പരാതിയുണ്ടെന്ന കാര്യം അറിയുന്നത്. വിമാനം മുംബൈയില്‍ നിന്ന് കൊച്ചിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് ഈ സംഭവം ഉണ്ടായതെന്നും അതിനാല്‍ മുംബൈ പൊലീസിന്റെ അധികാര പരിധിയിലാണ് കേസ് വരുന്നതെന്നും ഇയാള്‍ ചൂണ്ടിക്കാട്ടി.

നെടുമ്പാശേരി പൊലീസിന് ഇത്തരത്തില്‍ കേസെടുക്കാന്‍ അധികാരമില്ലെന്നും പറയുന്നു. സംഭവത്തില്‍ നാളെത്തന്നെ ജില്ലാ സെഷന്‍സ് കോടതി വാദം കേട്ടേക്കും. പ്രതിയുടെ മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അതിനിടെയാണ് ഇയാള്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ, മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തൊട്ടടുത്ത സീറ്റിലിരുന്നു മോശമായി പെരുമാറിയെന്നാണ് ദിവ്യപ്രഭയുടെ ആരോപണം. സംഭവത്തെപ്പറ്റി എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോടു പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാതിരുന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതും ഇക്കാര്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതെന്നും അവര്‍ പറഞ്ഞു.

വിമാന ജീവനക്കാരോടു പരാതിപ്പെട്ടപ്പോള്‍ ദിവ്യപ്രഭയുടെ സീറ്റ് മാറ്റിയിരുത്തി. കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പൊലീസിനോട് പരാതിപ്പെടാനായിരുന്നു നിര്‍ദേശം. ഇമെയില്‍ വഴിയാണു പരാതി അയച്ചത്. പിന്നീട് ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം ദുരനുഭവം വെളിപ്പെടുത്തുകയും ചെയ്തു. ഉചിതമായ നടപടി വേണമെന്നും വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.