02
Sep 2023
Wed
02 Sep 2023 Wed

ചെന്നൈ: സ്‌കൂളില്‍ അധ്യാപകന് നേരേ പ്ലസ് ടൂ വിദ്യാര്‍ത്ഥിയുടെ ആക്രമണം. ചെന്നൈ വിംകോ നഗറിലെ സ്വകാര്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്‌കൂളിലെ അധ്യാപകനായ എം.ശേഖറി(46)നെയാണ് പ്ലസ്ടു വിദ്യാര്‍ഥി മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ചത്. ഇദ്ദേഹത്തെ തിരുവൊട്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ്ടു വിദ്യാര്‍ഥിയെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂളില്‍ പരീക്ഷ നടക്കുന്നതിനിടെ വിദ്യാര്‍ഥി ക്ലാസ്മുറിയില്‍ ഉറങ്ങുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും തുടര്‍ന്ന് വിദ്യാര്‍ഥിയെ എഴുന്നേല്‍പ്പിച്ച് കാര്യം തിരക്കിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പോലിസ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചതിനാലാണ് വിദ്യാര്‍ഥി മയക്കത്തിലായതെന്നും സംശയമുണ്ട്.

ഓഗസ്റ്റ് 21 മുതല്‍ പതിവായി ക്ലാസില്‍ വരാതിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി കഴിഞ്ഞദിവസമാണ് സ്‌കൂളിലെത്തിയത്. ഏറെനാളായി സ്‌കൂളില്‍ വരാത്തതിനാല്‍ കഴിഞ്ഞദിവസം പിതാവിനൊപ്പമാണ് വിദ്യാര്‍ഥി വന്നത്. മകനെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ഇനി ക്ലാസ് മുടക്കില്ലെന്നും പിതാവ് സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് പ്രിന്‍സിപ്പല്‍ കഴിഞ്ഞദിവസം നടന്ന പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചത്.

എന്നാല്‍, പരീക്ഷയ്ക്കിടെ ക്ലാസ്മുറിയില്‍ ഉറങ്ങിയ വിദ്യാര്‍ത്ഥിയെ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വിളിച്ച് എഴുന്നേല്‍പ്പിച്ചു. ഇതിനിടെ ലഹരിമരുന്ന് സൂക്ഷിച്ചതെന്ന് കരുതുന്ന ഒരു കവറും കണ്ടെടുത്തു. ഇതേക്കുറിച്ച് തിരക്കിയതോടെ വിദ്യാര്‍ഥി അധ്യാപകനോട് കയര്‍ത്തു. തുടര്‍ന്ന് അധ്യാപകന്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിക്കാന്‍ ഒരുങ്ങിയതോടെ വിദ്യാര്‍ഥി അധ്യാപകന്റെ മൂക്കിന് ഇടിക്കുകയായിരുന്നു. ഇടികൊണ്ട അധ്യാപകന്‍ ക്ലാസ്മുറിയില്‍ വീണുപോയി. ഇദ്ദേഹത്തിന്റെ മൂക്കിനും ഇടതുകണ്ണിന്റെ സമീപത്തും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അധ്യാപകനെ പിന്നീട് തിരുവൊട്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.