ദുബയ്: ആഹാര ധൂര്‍ത്തുകളുടെ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് ബദലായി ദുബയിലെ ആസാ ഗ്രൂപ്പ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമങ്ങള്‍ വേറിട്ടതായി. ആഹാര വൈവിധ്യത്താല്‍ ധൂര്‍ത്തില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ ഭക്ഷണം ഒരുക്കിയത് മാതൃകയായി. പതിനായിരത്തോളം വരുന്ന തൊഴിലാളികള്‍ക്കായി ദുബയ് വര്‍സാന്‍ ക്യാംപ്, അജ്മാന്‍ ആസാ ക്യാംപ്, ജബല്‍ അലിയിലെ രണ്ടു ലേബര്‍ ക്യാംപുകള്‍ എന്നിവിടങ്ങളിലായി മുന്ന് ദിവസങ്ങളിലായാണ് ഇഫ്താര്‍ ഒരുക്കിയത്.
|
കമ്പനി ഉടമകളും ഉദ്യോഗസ്ഥരും തൊഴിലാളികളും ഒന്നിച്ചിരുന്ന് ഇഫ്താര്‍ ഭക്ഷണം കഴിക്കുന്ന വ്യത്യസ്തമായ കാഴ്ചയ്ക്കാണ് ലേബര്‍ ക്യാംപുകള്‍ സാക്ഷ്യം വഹിച്ചത്. ദീര്‍ഘകാലമായി റമദാനില്‍ കൃത്യമായി നോമ്പെടുക്കുന്ന തൃശ്ശൂര്‍ എം പി ടി.എന്‍ പ്രതാപന്‍ എല്ലാ ദിവസങ്ങളിലും മുഖ്യാതിഥിയായി പങ്കെടുത്തു.
പന്ത്രണ്ടിലേറെ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുമായും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുമായി അടുത്ത് ഇടപഴകുവാനും സംവദിക്കാനും കഴിഞ്ഞത് വ്യത്യസ്തമായ അനുഭവമാണെന്ന് ടി.എന്‍ പ്രതാപന്‍ മാധ്യമങ്ങളോട് പറഞ്ഞു. പതിമൂന്ന് വയസ്സില്‍ തുടങ്ങിയ വ്രതാനുഷ്ഠാനം ഇതു വരെ ഓണം, വിഷു ദിവസങ്ങള്‍ ഒഴിച്ച് റമദാനിലെ എല്ലാ നോമ്പും ഒരു മുടക്കവും കൂടാതെ താന്‍ അനുഷ്ഠിച്ചു വരുന്നതായും നോമ്പ് തനിക്ക് നല്‍കുന്ന മാനസിക സംതൃപ്തിയും അച്ചടക്കവും സമ്മാനിക്കുന്നതായും അദ്ദേഹം തൊഴിലാളികളോടു വെളിപ്പെടുത്തി.
ആസാ ഗ്രൂപ്പ് സിഎംഡി സി.പി സാലിഹ് ഇഫ്താര്‍ സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കി. തന്റെ കുടുംബാംഗങ്ങളുമായാണ് അദ്ദേഹം തൊഴിലാളികള്‍ക്കൊപ്പം നോമ്പ് തുറക്കാന്‍ എത്തിയത്. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി വിവിധ ഭാഷകളില്‍ നടത്തിയ റമദാന്‍ സന്ദേശം വ്യത്യസ്ത ഭാഷക്കാരായ തൊഴിലാളികള്‍ക്ക് വേറിട്ട അനുഭവമായി.





