ജമ്മു ആന്‍ഡ് കശ്മീരിലെ അനന്ത്‌നാഗില്‍ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ആര്‍മി ജനറലിന്റെ മൃതദേഹം എത്തിക്കുന്നത് ഗൃഹപ്രവേശം നിശ്ചയിച്ച വീട്ടിലേക്ക്. 19 രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ ആശിഷ് ധോന്‍ചകിന്റെ ഭൗതികദേഹമാണ് ഹരിയാനയിലെ പാനിപ്പത്തില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്നുനിലവീട്ടിലേക്ക് അവസാനമായി കൊണ്ടുവരുന്നത്.
|
മേജര്‍ ആശിഷ് ധോന്‍ചകിന്റെ ജന്മദിനമായ ഒക്ടോബര്‍ 23നായിരുന്നു ഗൃഹപ്രവേശം തീരുമാനിച്ചിരുന്നത്. എന്നാല്‍ അനന്ത്‌നാഗില്‍ സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ ധോന്‍ചക് വീരമൃത്യു വരിക്കുകയായിരുന്നു. ധോന്‍ചക് അടക്കം രണ്ട് സൈനിക ഓഫിസര്‍മാരും ഒരു പൊലീസ് ഓഫിസറുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കേണല്‍ മന്‍പ്രീത് സിങ്(41), പൊലീസ് ഓഫിസര്‍ ഹുമയൂണ്‍ മുസമ്മില്‍ ഭട്ട് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റുരണ്ടുപേര്‍. ഒരുമാസം മുമ്പാണ് ഹുമയൂണ്‍ മുസമ്മില്‍ ഭട്ടിന് കുഞ്ഞ് ജനിച്ചത്.
ഒക്ടോബര്‍ 13ന് നാട്ടിലെത്തുമെന്ന് ആശിഷ് ധോന്‍ചക് വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ധോന്‍ചകിന് സേനാ മെഡലും ലഭിച്ചിരുന്നു. ഇതിന്റെ ആഘോഷവും ഗൃഹപ്രവേശവും ഒക്ടോബര്‍ 23ന് പിറന്നാള്‍ ദിനത്തില്‍ നടത്താനിരിക്കെയാണ് മരണം.
മാതാപിതാക്കളും ഭാര്യയും രണ്ടരവയസ്സുള്ള മകളും മൂന്നു സഹോദരിമാരും അടങ്ങുന്നതാണ് മേജര്‍ ധോന്‍ചകിന്റെ കുടുംബം. വെള്ളിയാഴ്ച രാവിലെ പാനിപ്പട്ടിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





