19
Sep 2024
Mon
19 Sep 2024 Mon
Abdul Raheem release case again postponed by Riyadh Court

ഇരയുടെ കുടുംബം ദിയാധനം സ്വീകരിക്കുകയും കോടതി വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമിന്റെ ജയിൽ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. ജൂലൈ രണ്ടിന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു. കേസി​ന്റെ നടപടികൾ ഇന്ത്യൻ എംബസിയും റഹീമിന്റെ പവർ ഓഫ്​ അറ്റോണിയായ സിദ്ദീഖ് തുവ്വൂരും പ്രതിഭാഗം വക്കീലും കൃത്യമായി പിന്തുടരുന്നുണ്ടെന്നും ഓരോ ദിവസവും ബന്ധപ്പെട്ട ഓഫിസുകളിലെത്തി പുരോഗതി വിലയിരുത്തുന്നുണ്ടെന്നും സമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്​ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോ ഓഡിനേറ്റർ ഹസ്സൻ ഹർഷാദ് എന്നിവർ പറഞ്ഞു.

whatsapp വധശിക്ഷയിൽ നിന്ന് രക്ഷപെട്ട അബ്ദുൽ റഹീമിന്റെ മോചനം ഉടനെയുണ്ടാകുമെന്ന് റിയാദ് സഹായ സമിതി
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അനുരഞ്ജന കരാറിൽ ഒപ്പുവച്ചതോടെയാണ്​ റിയാദിലെ ക്രിമിനൽ കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തത്. അതേസമയം ജയിൽ മോചനത്തിന് ഒട്ടേറെ നിയമ കടമ്പകൾ പൂർത്തിയാവാനുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട ഫയൽ പബ്ലിക് പ്രോസിക്യൂഷൻ ഞായറാഴ്​ച കോടതിയിൽ നൽകിയെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചതെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു.
കോടതി വൈകാതെ മോചന ഉത്തരവ് പുറപ്പെടുവിക്കുകയും ഇതിന്റെ പകർപ്പ് റിയാദ്​ ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുകയും ചെയ്യും. ഇതിനു ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്​പോർട്ട് വിഭാഗം അബ്ദുൽ റഹീമിന്റെ ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. ഇന്ത്യൻ എംബസി യാത്രാരേഖ നൽകുന്നതോടെ റഹീമിന് രാജ്യം വിടാനാകും. ഈ നടപടിക്രമങ്ങളെല്ലാം കുറഞ്ഞ ദിവസത്തിനകം പൂർത്തിയാകുമെന്നും റഹീമിന്റെ മോചനത്തിന് ലോകമാകെയുള്ള മലയാളി സമൂഹം നൽകിയ പിന്തുണ അവിസ്മരണീയമാണെന്നും സഹായ സമിതി മുഖ്യരക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

2006 ഡിസംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്​ദുൽ റഹീം റിയാദിലെ ജയിലിലാകുന്നത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും മധ്യസ്ഥ നീക്കങ്ങൾക്കൊടുവിൽ കുടുംബം അപ്രാപ്യമെന്നു തോന്നുന്ന ദിയാധനം ആവശ്യപ്പെടുകയായിരുന്നു.​ ​ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളും കേരളത്തിലും നടന്ന ധനസമാഹരണത്തിലൂടെ ചുരുങ്ങിയ ദിവസം കൊണ്ട് പണം സമാഹരിക്കുകയും അതു കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറുകയുമായിരുന്നു.

അപകടത്തിൽ കഴുത്തിനു താഴേക്ക് തളർന്ന സൗദി ബാലന്റെ ജീവൻ നിലനിർത്താൻ ഘടിപ്പിച്ചിരുന്ന ഉപകരണം ഡ്രൈവിങ്ങിനിടെ അബ്ദുൽ റഹീം തട്ടിമാറ്റിയതാണ് മരണകാരണമായത്. റെഡ് സി​ഗ്നൽ ലംഘിച്ചുപോവാൻ ബാലൻ ആവശ്യപ്പെടുകയും ഇത് നിരസിച്ചതോടെ കുട്ടി ചീത്തവിളിക്കുകയും ഇതിൽ പ്രകോപിതനായി റഹീം മുഖത്തു തട്ടുകയുമായിരുന്നു ചെയ്തത്. ഉപകരണം തെറിച്ചുപോയത് ശ്രദ്ധിക്കാതിരുന്ന റഹീം കുട്ടിമരിച്ചശേഷമാണ് ഇക്കാര്യം അറിയുന്നത്. തുടർന്ന് ബന്ധുവിനോടു വിവരം പറയുകയും കുട്ടിയുടെ മരണത്തിൽ കള്ളക്കഥ മെനയുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുകയും അബ്ദുൽ റഹീമിനെ ജയിലിൽ അടയ്ക്കുകയുമായിരുന്നു.